കൊച്ചി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. അമിത് ഷായുടെ വരവോടെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. പാര്‍ട്ടിയുടെ പൊതുജന സമ്മതി ഉയര്‍ത്തുകയും ബഹുജന അടിത്തറ വിപുലമാക്കുകയുമാണ് അമിത് ഷായുടെ വരവ് കൊണ്ട് ലക്ഷ്യമിടുന്നത്.
ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടാനുളള ശ്രമങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ട് ബിജെപി നടത്തുന്നതും. കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായിട്ടുളള കൂടിക്കാഴ്ചയ്ക്കും ബിജെപി അരങ്ങൊരുക്കുന്നുണ്ട്. നാളെ കൊച്ചിയിലെത്തുന്ന അമിത് ഷാ സഭയുടെ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ചാണ് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
സീറോ മലബാര്‍ സഭാധ്യക്ഷനെയും ലത്തീന്‍ കത്തോലിക്കാ സഭാ മേധാവിയെയും ബിജെപി കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ബിഷപ്പ് ഹൗസുകളില്‍ പോയി മെത്രാന്മാരെ ക്ഷണിച്ചിരിക്കുന്നതും. ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളെ അമിത് ഷായ്ക്ക് മുന്നില്‍ കൊണ്ടുവരാനുള്ള നീക്കവും തകൃതിയായി നടക്കുന്നു. എല്ലാ ജില്ലകളിലേയും പാര്‍ട്ടി ഘടകങ്ങള്‍ അത്തരം ആളുകളെ അവസാന ഘട്ടത്തിലും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹം അംഗീകരിക്കുന്ന പലരും തങ്ങള്‍ക്കൊപ്പം കൂടുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വരവെന്ന് ബിജെപി സെക്രട്ടറി എച്ച്. രാജ പറഞ്ഞു. പശ്ചിമബംഗാളിന് ശേഷം കേരളത്തിലും കമ്മ്യൂണിസ്റ്റ് അടിത്തറ തകരാന്‍ പോകുകയാണ്. അതുകൊണ്ട് അവര്‍ അക്രമം അഴിച്ചുവിടുകയാണെന്നും കേരളത്തിന്റെ ചുമതലയുളള രാജ വ്യക്തമാക്കി.
ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ.) വിപുലമാക്കുന്നതിനും അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടാം തീയതി അമിത് ഷായുടെ നേതൃത്വത്തില്‍ മുന്നണിയുടെ യോഗം ചേരും. പ്രധാന ഘടക കക്ഷിയായ ബിഡിജെഎസ് ഉള്‍പ്പെടെ പാര്‍ട്ടികളെല്ലാം കടുത്ത അതൃപ്തിയിലാണ് മുന്നണിയില്‍ കഴിഞ്ഞുകൂടുന്നത്. അധികാരത്തിന്റെ മൂന്നാം വര്‍ഷത്തിലും എടുത്തുപറയാന്‍ ഒരു സ്ഥാനവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന പരാതിയാണ് ഘടക കക്ഷികള്‍ക്കുള്ളത്. കോഴിക്കോട്ട് ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ചു നടന്ന എന്‍ഡിഎ ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ചയിലും ഈ വിഷയങ്ങള്‍ ബിജെപി. നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഒരാഴ്ച മുമ്പുനടന്ന എന്‍ഡിഎ യോഗത്തിലും ഇക്കാര്യങ്ങള്‍ ചില ഘടക കക്ഷികള്‍ ഉന്നയിച്ചപ്പോള്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയാവാമെന്നാണ് കുമ്മനം രാജശേഖരന്‍ ഉറപ്പ് നല്‍കിയത്.