സിനിമാ ഡെസ്‌ക്
ചെന്നൈ: ആദ്യ സിനിമ അഡൽറ്റ്‌സ് ഒൺലി സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിലൂടെ തമിഴ് വെള്ളിത്തിരയിൽ എത്തിയ തമിഴ്‌നാടിന്റെ അമ്മ ജയലളിതയ്ക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രായപൂർത്തിയാകും പ്രായപൂർത്തിയാകാത്തവർക്കു കാണാൻ പറ്റാത്ത സിനിമയിൽ അഭിനയിക്കേണ്ടി വന്ന ജയലളിതയ്ക്കു പിന്നീടുള്ള ജിവിതത്തിൽ പ്രായപൂർത്തിയാകാത്തവർക്കു കാണാതിരിക്കാനുള്ളതൊന്നും ചെയതിരുന്നില്ല. മറിച്ച് തമിഴ്‌നാട്ടിലെ ആർക്കും മാതൃകയാക്കാവുന്ന മാതൃകാ മുഖ്യമന്ത്രിയും യുവതിയുമായിരുന്നു തമിഴ്‌നാടിന്റെ സ്വന്തം പുരട്ചി തലൈവി.
വനിതാ ഭരണം അസാധാരണമായിരുന്ന സമയം, സ്ത്രീകൾ വീട് ഭരിക്കുക പുരുഷന്മാർ നാട് ഭരിക്കുക എന്ന പ്രയോഗം നിലനിന്നിരുന്ന കാലത്താണ് തമിഴ്‌നാടിന്റെ ഭരണസാരിധ്യം ജയലളിത ഏറ്റെടുക്കുന്നത്. എല്ലാവരുടെയും അമ്മ. സമൂഹത്തിൽ നില നിന്നിരുന്ന ലിംഗ വ്യത്യാസത്തെ തച്ചുടച്ചു, ലളിതമായി പറഞ്ഞാൽ. ജയലളിത വന്നു, നേടി, കീഴക്കി. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.രാമചന്ദ്രനാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്, എന്നാൽ ഈ വാദം തെറ്റാണെന്ന് ജയലളിത തന്നെ പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്.
തന്റെ പതിനാറാമത്തെ വയസ്സിൽ വെണ്ണിറ ആടൈ (വെളുത്ത വസ്ത്രം) എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേയ്ക്ക് ജയലളിത കടന്നു വന്നു. വിധവയുടെ വേഷമായിരുന്നു. ജയലളിതയുടെ അഭിനയമികവ് കൊണ്ടു തന്നെ അവർ ആദ്യചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
പഠനത്തിൽ അസാമാന്യ മികവു പുലർത്തിയ ജയലളിതയ്ക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. ജയലളിതയുടെ അമ്മ സന്ധ്യ അക്കാലത്ത് പ്രശസ്ത നടിയായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പത്തിലേ ജയലളിതയും അഭിനയത്തിന്റെ വഴികളിലെത്തി. എന്നാൽ ജയലളിതയ്ക്ക് ഒരിക്കലും അഭിനേതാവാകുന്നത് ഇഷ്ടമല്ലായിരുന്നു. കൂടുതൽ അറിവ് നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
അഭിനയജീവിതത്തിനിടയിലാണ് വിവാഹിതനായ നടൻ ശോഭൻ ബാബുവുമായി ജയലളിത പ്രണയത്തിലായത്. ഇവരുടെ പ്രണയം ആളുകൾ ചർച്ച ചെയ്യപ്പെടുന്ന നിലയിൽവരെ എത്തി. പേക്ഷ പരാജയപ്പെട്ട ഈ പ്രണയം അവരുടെ മുന്നേറ്റത്തിന് തടസമായില്ല. ബുദ്ധിമതിയായ അവർ തനിച്ചുതന്നെ താരപദവിയിലേയ്ക്ക് ചുവടുവച്ചു.
അഭിനയത്തിൽ ജയലളിതയ്ക്ക് വിജയമായിരുന്നു. ഷൂട്ടിംഗിന് പോകുമ്പോൾ വായിക്കാൻ ധാരാളം പുസ്തകങ്ങളും ബുക്കുകളും കൊണ്ടു പോകുന്ന ശീലം ജയലളിതയ്ക്ക് ഉണ്ടായിരുന്നു. ഇടവേളകളിൽ ഈ ബുക്കുകൾ വായിച്ചു തീർക്കും. എഴുത്തും ജയലളിതയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.
125 ഓളം ചിത്രങ്ങളിൽ ജയലളിത അഭിനയിച്ചിട്ടുണ്ട്. ഇതിൽ 117ഉം ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. ഒരു നായക നടിക്കും അവകാശപ്പെടാനാകാത്ത റെക്കോർഡ്.
മുഖ്യമന്ത്രിയായ ശേഷം ആദ്യം ചെക്കായാണ് ശമ്പളം ലഭിച്ചത്. എന്നാൽ തനിക്ക് മുഖ്യമന്ത്രി ആയിരിക്കാൻ ശമ്പളം ആവശ്യമില്ലെന്നും, നിർബന്ധമാണെങ്കിൽ കേവലം 1 രൂപ മാത്രം ശമ്പളമായി നൽകിയാൽ മതിയെന്നും ജയലളിത പറഞ്ഞു. ബാക്കി ശമ്പളത്തുക തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി വിനിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്ന ഇത് അവരെ ജനപ്രിയയാക്കി. ഇന്നും അവർ ജനപ്രിയയായി തുടരുന്നു.
1995ൽ ആദ്യം മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ജയലളിത തന്റെ വളർത്തു മകനായ സുധാകരന്റെ കല്യാണം നടത്തിയത് ചെന്നൈയിലെ 50 ഏക്കർ വരുന്ന സ്ഥലത്തായിരുന്നു. 1,50000 പേർ പങ്കെടുത്ത ഈ വിവാഹം ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. ന്യൂയോർക്ക് ടൈസ് വരെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
1997ൽ അനധികൃത സ്വത്തു സമ്പാദനക്കേസിൽ കരുണാനിധി ഗവൺമെന്റിന്റെ കാലത്തു നടത്തിയ അന്വേഷണത്തിൽ ജയലളിതയുടെ വീട്ടിൽ നിന്ന് 750 ജോഡി ചെരുപ്പുകൾ, 800 കിലോ വെള്ളി, 28 കിലോഗ്രാം സ്വർണ്ണം, 10000ലധികം സാരികൾ, 91 വാച്ചുകൾ, 44 എയർകണ്ടീഷൻസുകൾ എന്നിവ കണ്ടെടുത്തു. തുടർന്നുള്ള 14 വർഷക്കാലം ജയലളിത ആഭരണങ്ങൾ ധരിക്കില്ല എന്ന കഠിന ശപഥത്തിലായിരുന്നു. 2011ൽ ഈ തിരുമാനം ആരാധകരുടെ നിർബന്ധത്തെതുടർന്നു മാറ്റിയെങ്കിലും അവരുടെ നിശ്ചയദാർഢ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
സിനിമയും രാഷ്ട്രീയവുമില്ലാതിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്ന് ഒരിക്കൽ അവർ നൽകിയ ഉത്തരം ഒരു വക്കീലാകും എന്നായിരുന്നു. തെളിഞ്ഞ ബുദ്ധിയും വാക്ചാതുരിയുമുള്ള ജയലളിത നിയമരംഗത്ത് ശോഭിക്കും എന്നുള്ളതിൽ സംശയമില്ല. അനധികൃത സ്വത്തു സമ്പാദനക്കേസിൽ നട്ടം തിരിഞ്ഞിരുന്ന പശ്ചാത്തലത്തിൽ ഈ ഉത്തരം കൗതുകകരംതന്നെ.