കൊച്ചി:യുവ നടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട വിവാദം കത്തി കൊണ്ട് നില്‍ക്കേ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച എറണാകുളത്ത് നടക്കും. മാക്ട ഫെഡറേഷന്‍ എക്സിക്യൂട്ടീവ് യോഗവും ബുധനാഴ്ച നടക്കുന്നുണ്ട്. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ രാത്രി 7.30നാണ് അമ്മയുടെ യോഗം. വ്യാഴാഴ്ച ജനറല്‍ ബോഡിയും നടക്കും.യോഗത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളായ രമ്യ നമ്ബീശനും, കുക്കു പരമേശ്വരനും ഈ വിഷയം ഉന്നയിക്കുമെന്നാണ് സൂചന. എന്നാല്‍ വിഷയം ചര്‍ച്ചയാകുമോയെന്നു സ്ഥിരീകരിക്കാന്‍ സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബു തയാറായില്ല.
അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.മമ്മൂട്ടി,മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു, ദിലീപ് തുടങ്ങി 18 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളാണ് രമ്യ നമ്ബീശന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്ബീശന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു.പോലീസ് ഇതുവരെ പ്രതിസ്ഥാനത്ത് നിര്‍ത്താത്ത ദിലീപിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ധാര്‍മിക പിന്തുണ നല്‍കണം എന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പൊതുവികാരം. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ രമ്യ നാളത്തെ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായ അഭിപ്രായം ജനറല്‍ ബോഡിയിലെ ചര്‍ച്ചയില്‍ ഉയര്‍ന്നാലും പ്രശ്നം ഗുരുതരമാക്കും. നടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്ബോള്‍ തന്നെ ദിലീപിനെ കൈവിടാതെയുള്ള ഒരു നയം സ്വീകരിക്കാനും അതിന് അംഗങ്ങളുടെ പിന്തുണ നേടുവാനുമായിരിക്കും നിലവിലെ സാഹചര്യത്തില്‍ അമ്മ നേതൃത്വം ശ്രമിക്കുക.ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ അമ്മയില്‍ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടര്‍ന്ന് ചലച്ചിത്രം രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ ശേഷമുള്ള ആദ്യത്തെ അമ്മ ജനറല്‍ ബോഡിയാണ് വ്യാഴാഴ്ച്ച ചേരുന്നത്.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ തൃപ്തികരമായ നിലപാടും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ അമ്മയ്ക്കുള്ളിലെ പെണ്‍പട തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ദിലീപിനും സലീം കുമാറിനുമെതിരെ ശക്തമായ പ്രതികരണങ്ങളുമായി വനിതാ കൂട്ടായ്മ ചൊവ്വാഴ്ച രംഗത്തുവന്നിരുന്നു.സംഘടനയിലെ ഒരംഗം ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബുധനാഴ്ചത്തെ യോഗം നിര്‍ണായകമാണ്.