അമ്മയ്ക്കു ബദലായി മഞ്ജുവിന്റെ സംഘടന: മൗന പിൻതുണയുമായി മോഹൻലാലും; താരസംഘടന ചരിത്രത്തിലാദ്യമായി പിളർപ്പിലേയ്ക്ക്

സിനിമാ ഡെസ്‌ക്

കോച്ചി: നടിമാരുടെ നേതൃത്വത്തിൽ മലയാള സിനിമയിൽ പൂതിയ കൂട്ടായ്മ രൂപീകരിച്ചതിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുക്കുന്നു. സംഘടന അമ്മയ്ക്കു ഭീക്ഷണിയാകുമെന്നും ഇത് അമ്മയ പിളർത്തുമെന്നുമുളള വാദങ്ങളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടി മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മലയാള സിനിമയിലെ സ്ത്രീകളെ ഉൾപ്പെടുത്തി വുമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടന രൂപം കൊണ്ടത്.ഇത് ഫലത്തിൽ താരസംഘടനയായ അമ്മയ്‌ക്കെതിരായ നീക്കമെന്ന് ആരോപണം. അമ്മയുമായി ആലോചിക്കാതെ ചലച്ചിത്ര രംഗത്തെ വനിതാ പ്രവർത്തകരെ ഏകോപിപ്പിക്കാൻ നടത്തുന്ന നീക്കം താര സംഘടനെ വെല്ലുവിളിക്കുന്നതാണോ എന്ന സംശയം സിനിമാ മേഖലയിൽ ഉയർന്നു കഴിഞ്ഞു.
അതിനാൽ തന്നെ പുതിയ സംഘടനയുടെ നീക്കങ്ങളെ ഗൌരവപൂർവ്വം വീക്ഷിക്കാനാണ് അമ്മയുടെ തീരുമാനം . മലയാള സിനിമയിൽ ഏറെ നാളായി തുടരുന്ന ദിലീപ് – മഞ്ജു വാര്യർ പോരിൻറെ ബാക്കിപത്രമാണ് മഞ്ജുവിൻറെ കാർമ്മികത്വത്തിൽ തുടക്കം കുറിച്ച പുതിയ സംഘടനയെന്ന സംശയവും ബലപ്പെടുകയാണ് . അതേസമയം ‘അമ്മ’യെ വെല്ലുവിളിച്ച് പുതിയ സംഘടനയുമായി മുന്നോട്ട് പോകാനാണ് മഞ്ജു വാര്യർ അടക്കമുളള താരങ്ങൾ ശ്രമിക്കുന്നതെങ്കിൽ അവർക്ക് സംഘടനയിൽ നിന്നും പുറത്തു പോകേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇതിനോടകം അമ്മ ഭാരവാഹികൾ തന്നെ രഹസ്യമായി നൽകുന്നുണ്ട് . ഇക്കാര്യം ‘അമ്മ’ ഭാരവാഹികൾ ഒത്തുചേർന്നു ഗൗരവമായി ചർച്ച ചെയ്യുമെന്നും അറിയുന്നു . പുതിയ താരസംഘടന അമ്മയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ലക്ഷ്യം വച്ചാണെന്നും എന്നാൽ ഈ സംഘടന അമ്മയ്ക്ക് എതിരല്ലന്ന് വരുത്തിതീർക്കുന്നതിനു വേണ്ടിമാത്രമാണ് സിനിമാ രംഗത്തെ മറ്റു മേഖലകളിലെ വനിതകളെക്കൂടി ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ‘അമ്മ’ എല്ലാ വിഭാഗം താരങ്ങൾക്ക് വേണ്ടിയും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കെ അമ്മയുമായി ആലോചിക്കാതെ വനിത സിനിമ പ്രവർത്തകർക്കുമാത്രമായി സംഘടന രൂപീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് താരങ്ങൾക്കിടയിൽ ഉയരുന്നത്. സംഘടനയോട് ആലോചിക്കാതെ നടത്തിയ ഈ നീക്ക0 പ്രമുഖ താരങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട് . അതിനിടെ പുതിയ സംഘടനയ്ക്ക് അമ്മയിലെ പ്രമുഖനായ മോഹൻലാലിൻറെയും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗത്തിൻറെയും പിന്തുണ ഉണ്ടോ എന്ന കാര്യവും മറുവിഭാഗം പരിശോധിക്കുന്നുണ്ട്. താരസംഘടനയിൽ മോഹൻലാൽ ഗ്രൂപ്പും മമ്മുട്ടി, ദിലീപ് ഗ്രൂപ്പും ശക്തമാണ് . ഈ സാഹചര്യത്തിൽ നടിമാർ മുൻകൈയെടുത്തുള്ള സംഘടനാ രൂപീകരണത്തിന് മോഹൻലാലിന്റെ പിന്തുണയുണ്ടെങ്കിൽ ഫലത്തിൽ അത് അമ്മയിലെ പിളർപ്പിലേയ്ക്കാകും കാര്യങ്ങൾ എത്തിക്കുക . ഇതാണ് സിനിമാ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
മഞ്ജുവിൻറെ നീക്കം മോഹൻലാലിൻറെ അറിവോടെയാണെന്ന് പലരും ഉറച്ചു വിശ്വസിക്കുന്നു. അടുത്തിടെ അനൌൺസ് ചെയ്ത റിക്കാർഡ് ബജറ്റിൽ പുറത്തിറങ്ങാനിരിക്കുന്ന രണ്ടു ചിത്രങ്ങളിലും ലാലിൻറെ കൂടെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഈ സിനിമകളുമായി ബന്ധപെട്ട മറ്റു ചില പ്രമുഖരും ദിലീപ് വിരോധികളാണ് .
ഇവർ കരുതികൂട്ടി മോഹൻലാലിനെ വരുതിയിലാക്കി നടത്തുന്ന തന്ത്രപരമായ കരുനീക്കങ്ങളായാണ് താരസംഘടനയിലെ പ്രമുഖർ പുതിയ നീക്കങ്ങളെ കാണുന്നത് . വനിതാ സിനിമാ പ്രവർത്തകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതും വരാനിടയുള്ള ഇത്തരം എതിർപ്പുകൾ മുന്നിൽ കണ്ടാണെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഇതിനുള്ള മറുപടി അമ്മയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം താരസംഘടനയുടെ കെട്ടുറപ്പിൻറെ അനിവാര്യത മോഹൻലാലിനെ ബോധ്യപ്പെടുത്താനും ശ്രമം നടത്തും .
അമ്മയിൽ നിലവിൽ ഇന്നസെന്റ് പ്രസിഡന്റും, മോഹൻലാലും ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാരും, മമ്മൂട്ടി ജനറൽ സെക്രട്ടറിയും ട്രഷറർ ദിലീപുമാണ്. മഞ്ജു വാര്യരുടെ നേതൃത്ത്വത്തിൽ ആരംഭിക്കുന്ന പുതിയ സംഘടനയായ ‘വുമൺ കളക്ടീവ് ഇൻ സിനിമ’യിൽ ഇപ്പോൾ റിമ കല്ലിങ്കൽ, പാർവ്വതി, രമ്യാ നമ്പീശൻ, സജിത മഠത്തിൽ, സംവിധായിക അഞ്ജലി മേനോൻ, ബീനാ പോൾ, ഗായിക സയനോര, വിധു വിൻസന്റ് തുടങ്ങിയവരാണ് ഉള്ളത്.
നടി ഭാവന, ഗീതു മോഹൻദാസ് , സംയുക്ത വർമ്മ എന്നിവരെയും മഞ്ജുവും സംഘവും പ്രതീക്ഷിക്കുന്നുണ്ട്. ഇവരെ ഉൾപ്പെടെ പരമാവധി വനിതാ ചലച്ചിത്ര പ്രവർത്തകരെ ഉൾക്കൊള്ളിച്ച് വിപുലമായ കൺവെൻഷൻ കൊച്ചിയിൽ വിളിച്ചു ചേർക്കാനും തീരുമാനമുണ്ട് . നിലവിൽ വനിതാ ചലച്ചിത്ര പ്രവർത്തകരിലെ പ്രമുഖരൊക്കെ പുതിയ നീക്കത്തിൻറെ ഭാഗമായി മാറിയതിനാൽ മഞ്ജുവിൻറെ നീക്കത്തെ അത്ര അവഗണിക്കാനും അമ്മ ഉൾപ്പെടെയുള്ള സംഘടനകൾക്ക് കഴിയില്ല .അതിനാൽ മഞ്ജു വാര്യർ, പാർവ്വതി, രമ്യാ നമ്പീശൻ, സജിത മഠത്തിൽ എന്നിവരെ ലക്ഷ്യം വച്ചായിരിക്കും അമ്മയുടെ ആദ്യ നീക്കം . ഇവരോട് വിശദീകരണം ചോദിക്കാനും അനന്തര നടപടികൾക്കും തന്നെയാണ് സാധ്യത . ഇതിനായുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്. മമ്മുട്ടി – ദിലീപ് കൂട്ടുകെട്ടിനാണ് അമ്മയിൽ ഭൂരിപക്ഷം . മോഹൻലാലിനോപ്പം പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ബിജു മേനോൻ ,കഞ്ചാക്കോ ബോബൻ തുടങ്ങി വിരലിൽ എണ്ണാവുന്ന താരങ്ങളാണ് നിലവിലുള്ളത്. എങ്കിലും മോഹൻലാൽ വിഘടിച്ചു നിന്നാൽ അത് അമ്മയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നുറപ്പാണ് . അതൊഴിവാക്കാനുള്ള ആലോചനകളാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത് .

Top