രാഷ്ട്രീയ ലേഖകൻ
ചെന്നൈ: അമ്മയില്ലാത്ത തമിഴകത്തു നിന്നു ദ്രാവിഡ കക്ഷികളെ തുടച്ചു നീക്കാനൊരുങ്ങി ബിജെപി. മുഖ്യമന്ത്രിയും പാർട്ടിയുടെ എല്ലാമെല്ലാമായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്നു പ്രതിസന്ധിയിലായ എഐഎഡിഎംകെ പിടിക്കുന്നതിനാണ് ഇപ്പോൾ ബിജെപി ഒരുങ്ങുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു വേരോട്ടം ഉറപ്പിക്കാൻ തമിഴ്‌നാട്ടിൽ ശക്തമായ സാന്നിധ്യമാകാനാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.
ജയലളിതയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും, തോഴി ശശികലയെയും പനീർശെൽവന്തെയും ആശ്വസിപ്പിക്കുന്നതിനും നരേന്ദ്രമോദിയും ബിജെപി നേതാക്കളും ഓടിയെത്തിയതും സമയം കണ്ടെത്തിയതും ഇതേ തുടർന്നാണെന്നാണ് സൂചനകൾ. നിലവിൽ തമിഴ്‌നാട്ടിൽ ജയലളിത മാത്രമായിരുന്നു ശക്തയായ നേതാവുണ്ടായിരുന്നത്. ടുജി സ്‌പെക്ട്രം ഇടപാടിൽപ്പെട്ട് മുഖം നഷ്ടമായിരിക്കുന്ന ഡിഎംകെയ്ക്കും അധ്യക്ഷൻ കരുണാനിധിയ്ക്കും ഇനി ഒരു തിരിച്ചു വരവുണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. പാർട്ടിയിലും കുടുംബത്തും നേരിടുന്ന വിള്ളലുകളാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ ഡിഎംകെയെ കൂടുതൽ ദുർബലമാക്കുന്നത്.
ഇതാണ് ഇപ്പോൾ എഐഎഡിഎംകെയെ കൂടെ ചേർത്തു പിടിക്കുന്നതിനു ബിജെപിയെ പ്രലോഭിപ്പിക്കുന്ന പ്രധാനഘടകം. പാർട്ടിയുടെ എല്ലാമെല്ലാമായ ജയലളിതയുടെ അന്ത്യസമയത്ത് സഹായത്തിനു ബിജെപിയും കേന്ദ്ര സർക്കാരും ഒപ്പമുണ്ടായിരുന്നെന്നന രീതിയിൽ പ്രചാരണം നടത്തുകയും ഇതു വഴി തമിഴ് രാഷ്ട്രീയത്തിൽ കൂടുതൽ നേട്ടമുണ്ടാക്കുകയുമാണ് ഇപ്പോൾ ബിജെപി ലക്ഷ്്യമിടുന്നത്. നിലവിൽ എഐഎഡിഎംകെ പിളരാതെ പിടിച്ചു നിർത്തുകയും, കാലക്രമേണ ദുർബലപ്പെടുത്തുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവിൽ ശകതമായ സ്വാധീനമില്ലാത്ത തമിഴ്‌നാട്ടിൽ ബിജെപി – എഐഎഡിഎംകെ സഖ്യത്തിലൂടെ തിരിച്ചു വരവ് സാധ്യമാക്കാനാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ പദ്ധതി.