കൊല്ലം: കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ സംഭാവന നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം. കേരളത്തില്‍ കക്കൂസുകള്‍ നിര്‍മ്മിയ്ക്കുന്നതിനും മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് പണം നല്‍കുന്നത്. 62ാം ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് അമൃതാനന്ദമയിയുടെ പ്രഖ്യാപനം. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത്, ശുചിത്വ ഗംഗ പദ്ധതികള്‍ക്കായി 100 കോടി രൂപ മഠം നേരത്തെ സംഭാവന ചെയ്‌തിരുന്നു. മഠം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു. ജാതി, മത, ലിംഗ പരിഗണനകള്‍ക്ക് അതീതമായി വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അമൃതാനന്ദ മയി മഠത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമായതായി അമിത് ഷാ പറഞ്ഞു. ഇന്ത്യക്ക് രണ്ട് മുഖമുണ്ടെന്നും ഒന്ന് വികസനത്തിന്റെയും മറ്റേത് ദാരിദ്ര്യത്തിന്റെയുമാണെന്നും അമൃതാനന്ദ മയി പറഞ്ഞു. ഈ അസമത്വം ഇല്ലാതാവണമെന്നും അമൃതാനന്ദ മയി അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ മഠം നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. അമൃത കീര്‍ത്തി പുരസ്‌കാരം പ്രശസ്‌ത സംസ്കൃത പണ്ഡിതന്‍ മുതുകുളം ശ്രീധരന് അമൃതാനന്ദ മയി സമ്മാനിച്ചു. കേരള ഗവര്‍ണര്‍ പി.സദാശിവം, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്‌തുള്ള, മനോജ് സിന്‍ഹ, ശ്രീപദ് യാസു നായിക്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സ്വാ റീഷര്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.