കാസര്‍ഗോഡ്: കഴിഞ്ഞ ദിവസം കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് മരിച്ച കുരുന്നുകളുടെ നൊമ്പരം പേറി ഒരു നാട്. ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ് റിയാന ദമ്പതികളുടെ മകന്‍ റംസാന് (നാല്), ഹമീദിന്റെ സഹോദരന്‍ ഷബീര്‍ നാഫിയ ദമ്പതികളുടെ മകന്‍ നസ്വാന്‍ (രണ്ട്) എന്നിവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ഈ ഗ്രാമം. വീട്ടിനടുത്ത കിണറ്റിലാണ് രണ്ട് സഹോദന്മാരുടെ മക്കള്‍ വീണു മരിച്ചത്.
ജന്മനാ സംസാരശേഷിയില്ലായിരുന്ന പിലാങ്കട്ട ഉബ്രങ്കളയിലെ ഹമീദിന്റെ മകന്‍ റംസാന്(നാല്) സംസാര ശേഷിതിരിച്ചുകിട്ടിയത് മൂന്ന്മാസം മുമ്പ്. ലക്ഷങ്ങള്‍ ചെലവഴിച്ച് ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ ചികില്‍സക്കൊടുവിലാണ് ഈ കുട്ടി സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കുഞ്ഞു വര്‍ത്തമാനംകേട്ട് കൊതിതീരും മുമ്പേ റംസാന്‍ മടങ്ങിയത് കുടുംബത്തിന് തീരാ ദുഃഖമായി.
ഇന്നലെ രാവിലെ ഒമ്പതരയോടെ കുട്ടിയുടെ പിതൃസഹോദരന്റെ മകന്‍ നസാനോപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കിണറ്റില്‍ വീണ് ഇരുവരും മരിച്ചത്. രണ്ട് കുട്ടികളുടേയും അച്ചന്മാര്‍ സൗദിയിലാണ്. ഹമീദും ഷബീറും അടക്കമുള്ള കുടുംബം ഒരേവീട്ടിലാണ് താമസം. ബാവിക്കരയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചതിന്റെ ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് ബദിയടുക്കയെ നടുക്കി ദുരന്തമെത്തിയത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്നു കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അയല്‍പക്കത്തുംമറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് വീട്ടുകിണറില്‍ മരിച്ചനിലയില്‍ കണ്ടത്. ആള്‍മറയുള്ള കിണറിന്റെ സമീപം കോണ്‍ക്രീറ്റ് ജെല്ലി കൂട്ടിവച്ചിരുന്നു. ഇതുവഴിയായിരിക്കാം കുട്ടികള്‍ കിണറിന് മുകളില്‍ കയറിയതെന്ന് സംശയിക്കുന്നു.
ബദിയടുക്ക മുള്ളേരിയ പിലാങ്കട്ട ഉബ്രങ്കള റോഡിന് സമീപമാണ് ഇവരുടെ വീട്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തി പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബദിയടുക്ക ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
കുട്ടികളെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹം കിണറില്‍ കണ്ടെത്തിയത്. നഫാനയാണ് റംസാന്റെ സഹോദരി. ആദ്യം വീട്ടുകാര്‍ വിചാരിച്ചത് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് പരിസരവാസികളില്‍ ഒരാള്‍ കിണറ്റിന്റെ മുകളില്‍ വിരിച്ച നെറ്റ് കുഴിയായി കണ്ടത്. തുടര്‍ന്നാണ് കിണറ്റില്‍ കുട്ടികളുടെ മൃതദേഹം കാണപ്പെട്ടത്.