കാസർഗോഡ്: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. 129.6 ലിറ്റർ കർണാടക മദ്യമാണ് കുമ്പള എക്സൈസും സംഘവും പിടികൂടിയത്. സംഭവത്തിൽ മഞ്ചേശ്വരം കുളുർ സ്വദേശി എസ് ചന്ദ്രശേഖരയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള എക്സൈസ് സ്‌ട്രൈക്കിങ് ഫോഴ്സ് പാർട്ടിയും, കെമു പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യക്കടത്ത് പൊക്കിയത്. കർണാടകയിൽ നിന്നും ആൾട്ടോ കാറിൽ കടത്തിക്കൊണ്ടു വന്ന വലിയ അളവിലുള്ള മദ്യം എക്സൈസിന്‍റെ വാഹനപരിശോധനയിലാണ് പിടിയിലായത്.
കാസർഗോഡ് ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു വാഹന പരിശോധന. ആള്‍ട്ടോ കാറിലെത്തിയ ചന്ദ്രശേഖരയുടെ പെരുമാറ്റത്തിൽ അസ്വഭ്വാവികത തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് ഡിക്കിയിൽ ഒളിപ്പിച്ച മദ്യകുപ്പികൾ കണ്ടെത്തിയത്. കാസർകോട്ടെ വിവിധ ഭാഗങ്ങളിലെത്തിച്ച് വിൽപ്പന നടത്താനാണ് മദ്യം കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. പ്രതിയേയും മദ്യം കടത്താനുപോഗിച്ച കാറും കസ്റ്റഡിയിലെടുത്തതായി കുമ്പള റെയിഞ്ച് ഇൻസ്‌പെക്ടർ ഹരീഷ് കുമാർ അറിയിച്ചു.