അഞ്ചല്‍: അഞ്ചല്‍ കൊലപാതകക്കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. മൊഴിയെടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.മണിക് റോയിക്ക് മര്‍ദ്ദനമേറ്റത് ജൂണ്‍ 24ന് വൈകീട്ട് 5 മണിക്കാണ്. എന്നാല്‍ രാത്രി 12 മണിക്കാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. തുടരന്വേഷണം നടത്തുകയും ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ബംഗാൾ സ്വദേശിയായ മണിക് റോയിയെ ഒരു സംഘമാളുകൾ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. അഞ്ചൽ തഴമേൽ മുംതാസ് മൻസിൽ ആസിഫ്, പനയഞ്ചേരി ശിവശൈലത്തിൽ ശശിധരക്കുറുപ്പ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾക്കെതിരെ ഐപിസി 302, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള അക്രമം, ഒന്നിൽ കൂടുതൽ ആളുകൾ ചേർന്നുള്ള ഉപദ്രവം എന്നിവയാണു കുറ്റങ്ങൾ.
വിദേശത്തെ ജോലിക്കുശേഷം കുറച്ചുകാലമായി നാട്ടിലുള്ള പ്രതി ശശിധരക്കുറുപ്പ് വൈകീട്ടു വീടിനു സമീപം സുഹൃത്തുക്കളുമൊത്തു ‘പതിവ് ആഘോഷം’ നടത്തുന്നതിനിടെയാണു മണിക് കോഴിയുമായി എത്തിയത്. കുറുപ്പിന്റെ വീട്ടിൽനിന്നു കഷ്ടിച്ച് അര കിലോമീറ്റർ അകലമേയുള്ളൂ മണിക് താമസിച്ചിരുന്ന ഷെഡിലേക്ക്. കോഴിയെ മോഷ്ടിച്ചതാണെന്ന് ആരോപിച്ചു കുറുപ്പ് അടി തുടങ്ങിയോടെ കൂട്ടുപ്രതി ആസിഫും ഇടപെട്ടു. ഇയാളും ക്രൂരമായി തല്ലി. കോഴിയെ വിറ്റവർ ഓടിയെത്തി വിവരം പറഞ്ഞെങ്കിലും ആസിഫിനു കലിയടങ്ങിയില്ല. വീണ്ടും വീണ്ടും തല്ലി. മൂക്കിലൂടെ രക്തം വാർന്നു മണിക് വീണതോടെയാണ് ഇവർ പിന്മാറിയത്. കൈകൊണ്ട് അടിച്ചെന്നാണു പ്രതികളുടെ മൊഴിയിലുള്ളത്. മർദനമേറ്റതിനു പിന്നാലെ മണിക് നൽകിയ മൊഴി നിർണായകമാകുമെന്ന സൂചനയാണു പൊലീസ് നൽകുന്നത്. ശശിധരക്കുറുപ്പും ആസിഫും ചേർന്നു തല്ലിയെന്നാണു മണിക്കിന്റെ മൊഴി. സംഘത്തിൽ മറ്റു ചിലരും ഉണ്ടായിരുന്നെങ്കിലും അവർ ഉപദ്രവിച്ചതായി മൊഴിയിലില്ല.