ചൈനയിലെ കിഴക്കന്‍ മേഖലയില്‍ ശവകുടീരത്തില്‍ നിന്നും പൗരാണിക ചൈനീസ് രാജവംശമായ പടിഞ്ഞാറന്‍ ഹാന്‍ രാജവംശത്തിന്റെ കാലത്തെ കുതിരകളെ പൂട്ടുന്ന രഥങ്ങള്‍ കണ്ടെടുത്തു. അഞ്ച് വലിയ രഥങ്ങളാണ് ഹൈഹുന്‍ഹൊ എന്ന് പേരുള്ള ശ്മശാനത്തിന് സമീപത്തെ ശവകുടീരത്തില്‍ നിന്നും പുരാവസ്തുഗവേഷകര്‍ കുഴിച്ചെടുത്തത്.
ബിസി 206 മുതല്‍ എഡി 25 വരെയുള്ള കാലത്ത് ചൈന ഭരിച്ചിരുന്നവരാണ് പടിഞ്ഞാറന്‍ ഹാന്‍ രാജവംശം. ചൈനയിലെ ജിയാങ്‌സി പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ചെങിലാണ് ഹൈഹുന്‍ഹൊ ശ്മശാനം സ്ഥിതിചെയ്യുന്നത്. 40,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഹൈഹുന്‍ഹൊ ശ്മശാനത്തിന് സമീപത്ത് എട്ട് ശവകുടീരങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന നാല് രഥങ്ങളും നാലുവീതം കുതിരകളേയും പൂട്ടിയ നിലയിലായിരുന്നു. ഈ കുതിരകളെയും ചേര്‍ത്താണ് രഥങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നത്.
ഹാന്‍ രാജവംശത്തിലെ ഏറ്റവും പ്രതാപശാലിയായ രാജാവായിരുന്ന വുവിന്റെ പേരക്കുട്ടിയായിരുന്ന ലു ഹീയുടെ ശവകുടീരമാണ് ഇപ്പോള്‍ കണ്ടെടുത്തതെന്നാണ് പുരാവസ്തുഗവേഷകര്‍ കരുതുന്നത്. ഹാന്‍ രാജംവംശത്തിന്റെ ഭരണകാലം ചൈനയുടെ സമ്പല്‍ സമൃദ്ധിയുടെ കാലമായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഹാന്‍ രാജവംശത്തില്‍ കഴിവുകെട്ടഭരണാധികാരിയുടെ പരിവേഷമാണ് ലു ഹീക്കുള്ളത്. അധികാരത്തിലെത്തി വെറും 27 ദിവസത്തിനുള്ളില്‍ ലു ഹീ അട്ടിമറിക്കപ്പെട്ടിരുന്നു. ഭരണശേഷിയില്ലായ്മയും അസാന്മാര്‍ഗിക ജീവിതവുമായിരുന്നു ലു ഹീയുടെ പതനത്തിന് കാരണമായത്.
നാല് കുതിരകളെ പൂട്ടുന്ന രഥങ്ങള്‍ ലഭിച്ചതിനാല്‍ ശവകുടീരത്തില്‍ അടക്കം ചെയ്തിരിക്കുന്നത് ഹാന്‍ രാജവംശത്തിലെ പ്രതാപശാലിയായിരുന്ന രാജാവാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ പുരാവസ്തുഗവേഷകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതേ ശവകുടീരത്തില്‍ നിന്നും 3,000ത്തിലേറെ സ്വര്‍ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ‘ഇതില്‍ പലതും മധ്യചൈനയിലേതല്ല. അവ കിഴക്കന്‍ മേഖലയില്‍ നിന്നും കൊണ്ടുവന്നതായിരിക്കുമെന്നാണ് കരുതുന്നത്’ പിക്കിംങ് സര്‍വ്വകലാശാല പുരാവസ്തു വിഭാഗം പ്രൊഫസര്‍ ഹു ഡോങ്‌ബോ പറയുന്നു.