ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ പ്രധാനമന്ത്രി അപമാനിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം മുഴുവന്‍ ദുഃഖം ആചരിക്കുന്ന സമയത്ത് പ്രധാമന്ത്രി നരേന്ദ്ര മോദി ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ പരസ്യചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
‘പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ മോദി തിരഞ്ഞെടുപ്പ് പരസ്യചിത്രീകരണത്തിലായിരുന്നു. എന്നിട്ടും നാല് മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നു. അധികാരദാഹത്താല്‍ മോദി മനുഷ്യത്വം മറന്നു. ജവാന്മാരുടെ ജീവത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. ഇതുപോലൊരു പ്രധാനമന്ത്രി ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്ന് ചോദിച്ച സുര്‍ജേവാല ഇതേപ്പറ്റി ഒന്നും പറയാന്‍ ഇല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുല്‍വാമ വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നുവെന്നും സുര്‍ജേവാല ആരോപിച്ചു.പുല്‍വാമ ഭീകരാക്രമണം രാജ്യത്തിന്റെ ആര്‍ജ്ജവത്തിനോടുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ‘എങ്ങനെയാണ് തീവ്രവാദികള്‍ക്ക് ഇത്രയധികം തോതില്‍ ആര്‍ഡിഎക്സും റോക്കറ്റ് ലോഞ്ചറുകളും ലഭിച്ചത്. ആക്രമണം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ജെയ്ഷെ ഇ മുഹമ്മദ് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേക്കുറിച്ച് എട്ടാം തീയതി തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പും ഉണ്ടായിരുന്നു. ഈ മുന്നറിയിപ്പുകള്‍ എന്തുകൊണ്ട് അവഗണിച്ചെന്നും’ സുര്‍ജേവാല ചോദിച്ചു.