ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നഗരവികസന മന്ത്രി പി നാരായണയുടെ മകന്‍ നിഷിദ് നാരായണ (22) ഹൈദരാബാദില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ ആയിരുന്നു അപകടം. നിഷിദിന്റെ സുഹൃത്ത് രാജ രവി വര്‍മ്മയും അപകടത്തില്‍ മരിച്ചു.
ഇരുവരും സഞ്ചരിച്ച മെഴ്‌സിഡീസ് ബെന്‍സ് വാഹനം ഹൈദരാബാദ് മെട്രോയുടെ തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജൂബിലി ഹില്‍സിലെ റോഡ് നമ്പര്‍ 32 ല്‍ ആയിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനത്തിന് എയര്‍ബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇരുവര്‍ക്കും ഗുരുതരമായ പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല.
ഹൈദരാബാദില്‍ പ്രമുഖരുടെ മക്കള്‍ ഉള്‍പ്പെട്ട വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്‍, മുന്‍ മന്ത്രി ബാബു മോഹന്‍, കെ. വെങ്കിട് റഡ്ഡി, മുന്‍ സിനിമാതാരവും ബിജെപി നേതാവുമായ കൊട്ട ശ്രീനിവാസ റാവു തുടങ്ങിയവരുടെ മക്കള്‍ ഹൈദരാബാദില്‍ നടന്ന വ്യത്യസ്ത വാഹനാപകടങ്ങളില്‍ മരിച്ചിരുന്നു.