ഹൈദരാബാദ്: സ്ത്രീകള്‍ കാറുകളെപ്പോലെയാണെന്ന് ആന്ധ്രാ പ്രദേശ് നിയമസഭാ സ്പീക്കര്‍. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീകളെ തരംതാഴ്ത്തുന്ന പരാമര്‍ശം സ്പീക്കര്‍ നടത്തിയിരിക്കുന്നത്. തെലുങ്കുദേശം പാര്‍ട്ടി നേതാവ് കൊടേല ശിവപ്രസാദ് റാവുവാണ് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. കാറ് റോഡില്‍ ഓടിക്കുകയാണെങ്കില്‍ അപകടമുണ്ടാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഓടിക്കാതെ വീട്ടില്‍ പാര്‍ക്ക് ചെയ്താല്‍ ഒന്നും സംഭവിക്കില്ല. പരാമര്‍ശം വന്‍ വിവാദമായിട്ടും സ്പീക്കര്‍ക്ക് കൂസലൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ വീട്ടമ്മമാരായി കഴിഞ്ഞപ്പോള്‍ പീഡനം പോലുള്ള അതിക്രമങ്ങളില്‍ നിന്നും സുരക്ഷിതരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ സുരക്ഷ ലഭിക്കാന്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് ഉത്തമം. ഇന്ന് വിദ്യാഭ്യാസവും ജോലിയും നേടുന്ന സ്ത്രീകള്‍ സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടുന്നു. അപ്പോള്‍ പീഡനവും തട്ടിക്കൊണ്ട് പോകലിനും അവര്‍ ഇരയാകുമെന്നാണ് റാവു പറഞ്ഞത്.