മലപ്പുറം: മലയാള സിനിമാ താരം അനീഷ് ജി മേനോന് നാട്ടില്‍ ഇപ്പോള്‍ സൂപ്പര്‍ ഹീറോ പരിവേഷമാണ്. കള്ളനെ സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് കീഴടക്കിയാണ് അനീഷ് നാട്ടുകാരുടെ മനം കവര്‍ന്നത്. അയല്‍വാസിയായ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം അടങ്ങിയ ബാഗ് ബൈക്കില്‍ വന്നു തട്ടിപറിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനിയെയാണ് അനീഷ് സാഹസികമായി പിടികൂടിയത്. സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു, ഒരാള്‍ പിടിയിലായെങ്കിലും മറ്റുള്ളവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
സിനിമാ സ്റ്റൈലിലാണ് താരം സംഘത്തെ പിടികൂടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കളക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് വീടിന് പുറത്തെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടുകയായിരുവന്നു. ബൈക്ക് മുന്നോട്ടു നീങ്ങിയപ്പോഴും മോഷ്ടാവിന്റെ കഴുത്തിലുള്ള പിടിവിടാന്‍ അനീഷ് തയ്യാറായില്ല. ടാര്‍ റോഡില്‍ ഉരഞ്ഞ് അനീഷിനും പരുക്ക് പറ്റിയിട്ടുണ്ട്. പിടികൂടിയ ആളെ പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചു. കോതമംഗലം സ്വദേശിയായ അന്‍സാറാണ് പിടിയിലായത്.
മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനീഷ്. ഷൂട്ടിംഗ് ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു താരം. പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അനീഷ് ഇപ്പോള്‍ വിശ്രമത്തിലാണ്. നിരവധി സിനിമകളില്‍ വേഷമിട്ട അനീഷ് കൂടുതലായും കൈകാര്യം ചെയ്തിരിക്കുന്നത് സൈഡ് കിക്ക് കഥാപാത്രങ്ങളാണ്.