കൊച്ചി: അങ്കമാലി ഡയറീസിന്റെ പരസ്യത്തിനായി അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞ വിഷയത്തില്‍ നിയമ ലംഘനത്തിന് വാഹനത്തിനെതിരെ കേസെടുത്തു. വാഹനത്തിന്റെ ചില്ലുകളില്‍ ഉള്‍പ്പെടെ നിയമവിരുദ്ധമായി സ്റ്റിക്കറുകള്‍ പതിപ്പിച്ചതിനാണ് കേസ്.സിനിമാ സംഘത്തിന്റെ വാഹനം വഴിയില്‍ തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ്പി ഇന്നലെ വ്യക്തമാക്കിയിരുന്നു.വാഹനപരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍ പെട്ടിട്ടും നടപടി എടുക്കാത്തതിനെതിരെ മൂവാറ്റുപുഴ ഡിവൈഎസ്പിയോട് എസ്പി വിശദീകരണവും തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
അനുമതി വാങ്ങാതെ വാഹനത്തില്‍ സ്റ്റിക്കര്‍ പതിച്ചതിന് ഇവരെ നേരത്തെ പെരുമ്പാവൂരിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടികൂടി പിഴ ഈടാക്കിയിരുന്നു. അഞ്ഞുറു രൂപയാണ് പിഴയടച്ചത്. ആറുമാസത്തേക്ക് വാഹനത്തിലെ പരസ്യം തുടരാന്‍ 12,900 രൂപ ഫീസും ഇവര്‍ നല്‍കിയിരുന്നു. അതേസമയം കാറിന്റെ ബോഡിയില്‍ അല്ലാതെ ചില്ലുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ അനുമതിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടാതെ ചില്ലുകളില്‍ ഒട്ടിച്ച പരസ്യം ഇളക്കിമാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സിനിമാ സംഘം ഈ പരസ്യങ്ങള്‍ ഇളക്കി മാറ്റിയിരുന്നില്ല. ഇതേ കാര്യത്തിനാണ് മൂവാറ്റുപുഴയില്‍ പൊലീസ് വാഹനം തടഞ്ഞ് പരിശോധിച്ചത്.
എന്നാല്‍ പൊലീസ് തങ്ങള്‍ക്കുനേരെ സദാചാര പൊലീസിങ്ങാണ് നടത്തിയതെന്ന് ആരോപിച്ച് അങ്കമാലി ഡയറീസ് സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് രംഗത്തെത്തിയിരുന്നു. വാഹനത്തിനകത്ത് അനാശാസ്യം നടക്കുന്നെന്ന രീതിയിലാണ് പോലീസ് സംസാരിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അങ്കമാലി ഡയറീസ് ടീമിന്റെ പരാതി. പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്ന വിശദീകരണമാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചാരണത്തിനായി പോയവര്‍ക്കാണ് തീയേറ്ററിന് മുന്നില്‍ത്തന്നെ ദുരനുഭവമുണ്ടായതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വ്യക്തമാക്കിയിരുന്നു.
‘ഡബിള്‍ ബാരലി’ന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസി’ല്‍ 86 പുതുമുഖങ്ങളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.