കൊച്ചി: ചാലക്കുടി എംപി കൊണ്ടുവരുന്ന വികസന പദ്ധതികള്‍ അങ്കമാലി എംഎല്‍എ അടിച്ചുമാറ്റുന്നതായി ഇന്നസെന്റിന്റെ പരാതി. മുന്‍ കെഎസ് യു ദേശിയ അധ്യക്ഷന്‍ റോജി ജോണാണ് പുലിവാല് പിടിച്ചിരിക്കുന്നത്. എംപിയുടെ പദ്ധതികള്‍ക്ക് കെഡ്രിറ്റ് അവകാശപ്പെട്ട് റോജി ജോണ്‍ എംഎല്‍എ സ്ഥിരമായി വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചതോടെയാണ് പരസ്യപ്രതികരണവുമായി ഇന്നസെന്റ് എത്തിയിരിക്കുന്നത്. രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് എംഎല്‍എയോട് അഭ്യര്‍ത്ഥിചെങ്കിലും രക്ഷയില്ലെന്നാണ് ഇടതുമുന്നണി നേതാക്കളും പറയുന്നത്.
പദ്ധതികള്‍ നേരത്തെ ആരംഭിച്ചതാണെന്ന കാര്യം ജനങ്ങള്‍ക്കറിയാവുന്നതാണെന്നും ഇതിന്റെ പേരില്‍ അര്‍ഹിക്കാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും ചാലക്കുടി എം പി ഇന്നസെന്റ് പറഞ്ഞു.
എംപിയുടെ പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് എംഎല്‍എ പതിവാക്കിയിരിക്കുകയാണ്. ജാതികര്‍ഷകര്‍ക്ക് വേണ്ടി എംപി ആവിഷ്‌കരിച്ച ‘നട്മെഗ്’ പാര്‍ക്ക് പദ്ധതിയുടെ അവകാശ വാദവുമായാണ് എംഎല്‍എ അവസാനം രംഗത്തെത്തിയിരിക്കുന്നത്. അല്‍പ്പമെങ്കിലും രാഷ്ട്രീയ മാന്യത ഉണ്ടെങ്കില്‍ എംഎല്‍എ ഇത്തരം പ്രവൃത്തികളില്‍ നിന്നും പിന്‍മാറണമെന്ന് ബി സേതുരാജ് പറഞ്ഞതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അങ്കമാലി ബൈപാസ് നിര്‍മ്മാണത്തിനായുള്ള ഇന്നസെന്റ് എംപിയുടെ പദ്ധതിയുടെ അവകാശ വാദമാണ് റോജി ജോണ്‍ ആദ്യം ഉന്നയിച്ചത്. ഇതിനൊരു പരിഹാരമെന്നോണമാണ് ബൈപാസ് പദ്ധതി ആവിഷ്‌ക്കരിക്കപ്പെട്ടത്. അങ്കമാലിയിലെ മുന്‍ എംഎല്‍എ ജോസ് തെറ്റയില്‍ ബൈപാസിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പദ്ധതി ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. പദ്ധതിയുമായി ബന്ധപ്പെട്ട് എംപി നല്‍കിയ നിവേദനം പരിഗണിച്ച സര്‍ക്കാര്‍ പദ്ധതിയ്ക്കായി ബജറ്റില്‍ തുക വിലയിരുത്തിയിട്ടുമുണ്ട്. എന്നാല്‍ ഈ പദ്ധതി തന്റേതാണെന്നായിരുന്നു റോജി ജോണിന്റെ അവകാശ വാദം. അന്ന് തങ്ങള്‍ ഇതിനെ മുഖവിലക്കെടുത്തിരുന്നില്ല.
പിന്നീട് അതിരപ്പിള്ളി മുതല്‍ കോടനാട് വരെ നീണ്ടുനില്‍ക്കുന്ന എംപിയുടെ ടൂറിസം സര്‍ക്യൂട്ട് പദ്ധിയുടെ ക്രെഡിറ്റിന് വേണ്ടിയും എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തി. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതാണ് പദ്ധതി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യം വര്‍ധിപ്പിക്കുകയും വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും പദ്ധതിയുടെ ഭാഗമാണ്. ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പദ്ധതിയ്ക്ക് കീഴില്‍. പദ്ധതി നടപ്പാക്കുന്നത് കേന്ദ്രപദ്ധതിയായും.
2015ല്‍ ഇന്നസെന്റ് എംപി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയ്ക്ക് പദ്ധതി സംബന്ധിച്ച നിവേദനവും പ്രൊജക്ടും നല്‍കി. അന്ന് റോജിയല്ല, ജോസ് തെറ്റയിലാണ് അങ്കമാലി എംഎല്‍എ. കേന്ദ്രപദ്ധതിയാണ് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കുന്നതും. ഇതറിഞ്ഞിട്ടും പദ്ധതി തന്റേതാണെന്നാണ് റോജിയുടെ അവകാശവാദം.ടൂറിസം സര്‍ക്യൂട്ടിനും അവകാശ വാദം ഉന്നയിച്ചതോടെ എംഎല്‍എയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജാതികര്‍ഷകര്‍ക്കുള്ള എംപിയുടെ നട്മെഗ് പദ്ധതിക്കാണ് പുതുതായി എംഎല്‍എ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. 2014ലാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അന്ന് എന്‍എസ്യു ഓള്‍ ഇന്ത്യ ഭാരവാഹി ആയിരുന്നു റോജി. നിയമസഭാ തെരഞ്ഞെടുപ്പിലാണ് റോജി അങ്കമാലിയില്‍ സജീവമാകുന്നത് തന്നെ.
നിരവധി തുടര്‍പ്രക്രിയകള്‍ക്കൊടുവില്‍ നട്മെഗ് പദ്ധതിയില്‍ ഏതാണ്ട് തീരുമാനമായെന്ന് കണ്ടപ്പോള്‍ എംഎല്‍എ പതിവ് പോലെ ക്രെഡിറ്റിനായി രംഗത്തെതിയിരിക്കുകയാണെന്ന് ഇടതുമുന്നണി നേതാക്കള്‍ ചൂണ്ടികാട്ടുന്നു.