കോട്ടയം: ഭാര്യയും മക്കളും കുടുംബവും അമേരിക്കയില്‍ തന്നെ സ്ഥിരതാമസമാക്കിയതോടെ നാലുവര്‍ഷം മുമ്പ് പണിത വീട് അനാഥമന്ദിരമാക്കി പ്രവാസി മലയാളിയുടെ നന്മ.
സണ്ണി ചെമ്മാച്ചേല്‍ എന്ന അമേരിക്കന്‍ പ്രവാസിയാണ് തന്റെ കോടികളുടെ സ്വത്ത് അഗതികള്‍ക്കുവേണ്ടി മാറ്റിവച്ചത്. കോട്ടയം നീണ്ടൂര്‍ സ്വദേശിയാണ് സണ്ണി. പക്ഷേ ഷിക്കാഗോയിലാണ് താമസം. സ്വന്തമായി ബിസിനസ് ചെയ്യുന്നു. കൂടാതെ ഭാര്യയ്ക്കും മക്കള്‍ക്കും ജോലിയുമുണ്ട്. പണത്തിന് തെല്ലും ദാരിദ്ര്യമില്ലാത്ത കുടുംബം. അവധിക്ക് വീട്ടിലെത്തുമ്പോള്‍ മാത്രമാണ് സണ്ണി നീണ്ടൂരുള്ള തന്റെ വീട്ടില്‍ അന്തിയുറങ്ങുന്നത്. അവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ വീട് വീണ്ടും അനാഥമാകും.
പക്ഷേ ഒമ്പതു മാസം മുമ്പ് സണ്ണി ഒരു തീരുമാനമെടുത്തു. തന്റെ വീട് അനാഥര്‍ക്കും അഗതികള്‍ക്കുമായി തുറന്നുനല്കുക. ഒരു സമ്പന്നനെ സംബന്ധിച്ച വളരെ റിസ്‌ക്കുള്ള തീരുമാനമായിരുന്നു അത്. ആത്മാവില്‍ ദൈവത്തിന്റെ ഇത്തിരിയെങ്കിലും വെളിച്ചം വീണവര്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന ധീരമായ തീരുമാനം. സണ്ണി ചെമ്മാച്ചേലിന്റെ ആ തീരുമാനത്തെ ഭാര്യയും മക്കളും എതിര്‍ത്തില്ല. അങ്ങനെ ഒമ്പതു മാസം മുമ്പ് നീണ്ടൂര്‍ സണ്ണി ചെമ്മാച്ചേലിന്റെ വീട് എയ്ഞ്ചല്‍ ഗാര്‍ഡനായി. ഒരുമാസം ഒരാള്‍വീതം ഇവിടെയെത്തുന്നു. രോഗികളും വീട്ടുകാര്‍ ഉപേക്ഷിച്ചവരും സ്വന്തമായി വീടില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്കുള്ള എല്ലാ സൗകര്യവും അമേരിക്കയിലിരുന്ന് സണ്ണി ഉറപ്പാക്കുന്നു. ലൂക്കാ പാപ്പന്‍, ജോസഫേട്ടന്‍, വാസു… അങ്ങനെ നീളുന്നു ഇവിടുത്തെ അന്തേവാസികള്‍.
നീണ്ടൂര്‍ ചെമ്മാച്ചേല്‍ സണ്ണി താന്‍ കഷ്ടപ്പെട്ട് പണിത വീടിന്റെ വാതില്‍ അഗതികള്‍ക്കായി തുറന്നിട്ടപ്പോള്‍ പലരും അടക്കംപറഞ്ഞു. ‘ഇയാള്‍ക്ക് ഇതെന്തിന്റെ കേടാണ്; നല്ല ഒന്നാന്തരം വീട്ടില്‍ വഴിയേ പോകുന്നവരെയൊക്കെ കിടത്താന്‍.’ ഇതൊന്നും സണ്ണി കാര്യമായെടുത്തില്ല. വര്‍ഷത്തിലൊരിക്കല്‍ അമേരിക്കയില്‍നിന്ന് അവധിക്ക് വരുമ്പോള്‍ കുടുംബസമേതം നാട്ടിലെ പുത്തന്‍വീട്ടില്‍ താമസിക്കുന്നത് കഷ്ടിച്ച് 20 ദിവസംമാത്രം. ബാക്കിദിവസങ്ങള്‍ അതടഞ്ഞുകിടക്കുന്നു. നാലുവര്‍ഷം മുമ്പ്പണിത വീട്, അഗതികള്‍ക്ക് ഏയ്ഞ്ചല്‍ ഗാര്‍ഡന്‍സ് എന്ന ആശാകേന്ദ്രമായി. ഇപ്പോള്‍ 18 പേര്‍ വീട്ടില്‍ അന്തിയുറങ്ങുന്നു. അവര്‍ക്ക് സൗജന്യമായി ആഹാരവും മരുന്നും നല്‍കുന്നു. ഇതിനായി, സുഹൃത്ത് അവറാച്ചനെയാണ് നിയോഗിച്ചിരിക്കുന്നത്.
ഷിക്കാഗോയിലെ ഈ വ്യവസായിയുടെ ഭാര്യക്കും മൂത്തമകള്‍ക്കും അവിടെ ജോലി. മറ്റുമക്കള്‍ പഠിക്കുന്നു. നീണ്ടൂരിലെ വീടിനോടുചേര്‍ന്ന് ആറരയേക്കറോളം സ്ഥലമുണ്ട്. ഇതില്‍നിന്നെല്ലാമുള്ള വരുമാനത്തില്‍നിന്നാണ് അഭയകേന്ദ്രം തുടങ്ങുന്നത്. ഭാര്യ ബീനയും മക്കള്‍ സബീന, നബീസ, സബിന്‍, നബിന്‍ എന്നിവരും പൂര്‍ണപിന്തുണ നല്‍കുന്നു. അവധിക്ക് നാട്ടില്‍ വന്നാലും സണ്ണിയും കുടുംബവും ഇവര്‍ക്കൊപ്പം ഇതേവീട്ടിലാണ് താമസിക്കാറുള്ളത്. ”മക്കള്‍ അമേരിക്കവിട്ട് ഇന്ത്യയിലേക്കില്ലെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പന് ആഗ്രഹമെങ്കില്‍ ഇങ്ങനെയൊരു സ്ഥാപനത്തിനൊപ്പം ഞങ്ങളുണ്ടെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. അതൊരു വലിയ കാര്യമല്ലേ”-സണ്ണി ചോദിക്കുന്നു. അങ്ങനെ അമേരിക്കയില്‍ മക്കള്‍ക്കൊപ്പം താമസിച്ച് സ്വന്തം വീട് അഗതികള്‍ക്കായി തുറന്നുകൊടുത്തു.
”പുതുതലമുറയെ നേര്‍വഴി നടത്താനൊരു ശ്രമം നടത്തണമെന്നുമുണ്ട്. ജുവനൈല്‍ ഹോമില്‍നിന്ന് ഒരു കുട്ടിയെയെങ്കിലും ഇവിടെ എത്തിച്ച് നേര്‍വഴി കാട്ടിക്കൊടുക്കണം”- സണ്ണി പറയുന്നു. കൂടുതല്‍പേര്‍ വീടുതേടിയെത്തുമ്പോള്‍ ഇടം തികയാതെ വരുന്നു. കൂടുതല്‍പേര്‍ക്ക് അഭയം നല്‍കാന്‍ മറ്റൊരു കെട്ടിടംകൂടി തീര്‍ക്കണമെന്നുണ്ട്. അവര്‍ക്കായി ഒരു ക്‌ളിനിക്, ജൈവപച്ചക്കറിത്തോട്ടം…അങ്ങനെ പോകുന്നു സ്വപ്നങ്ങള്‍. അഗതികള്‍ക്ക് ആശ്രയം നല്‍കുന്ന ‘നവജീവന്‍’ എന്നകേന്ദ്രം സന്ദര്‍ശിച്ചശേഷമാണ് സേവനം ചെയ്യണമെന്ന ചിന്ത വളര്‍ന്നത്. സണ്ണിക്ക് ഇക്കാര്യത്തില്‍ പ്രചോദനമായി മാറിയത് നവജീവന്‍ പി. യു തോമസ് ചേട്ടനായിരുന്നു. കൂടുതല്‍ പേരെ ഏയ്ഞ്ചല്‍ ഗാര്‍ഡനിലേക്ക് പ്രവേശിപ്പിക്കണമെന്നാണ് സണ്ണിയുടെ ആഗ്രഹം. നാട്ടില്‍ അവധിക്കെത്തുമ്പോള്‍ വീട്ടിലെ ജീവിതം വലിയ ഏകാന്തതയാണ് സമ്മാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. വീടു നിറയെ ആളുകള്‍..അവരുടെ സാന്നിധ്യത്തിലൂടെ ദൈവികസ്പര്‍ശനം താന്‍ അറിയുന്നു. സണ്ണി പറഞ്ഞു.
കോട്ടയം നീണ്ടൂര്‍ ചെമ്മാച്ചേല്‍ ലൂക്കോസ്, പരേതയായ അല്ലി ദമ്പതികളുടെ അഞ്ചാമത്തെ മകന്‍ സണ്ണി ചെമ്മാച്ചലാണ് ഒന്‍പതു മാസം മുന്‍പ് തന്റെ വീട് ദൈവത്തിനു തീറെഴുതി നല്‍കിയത്. നീണ്ടൂരിലെ പ്രശസ്തമായ പൂതത്തില്‍ ചെമ്മാച്ചേല്‍ കുടുംബം. അഗതികള്‍ക്ക് എന്നും തുണയായി നിന്ന പാരമ്പര്യം. ‘ഞാന്‍ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു ഇത്. ഭാര്യയും മക്കളും സഹോദരങ്ങളും ഒപ്പം നിന്നു. ഇത്രയും നാള്‍ ദൈവം തന്ന സമ്പാദ്യം ദൈവമക്കള്‍ക്കായി ചെലവാക്കുന്നു. നാളത്തെ കാര്യം അറിയില്ല.
അതും തമ്പുരാന്‍ തീരുമാനിക്കും-സണ്ണി പറയുന്നു. ഓരോ വ്യക്തിയുടെ ജീവിതവും ലോകത്തിന് അനുഗ്രഹമാകണമെന്ന തോന്നലില്‍ നിന്നാണ് തുടക്കം. ജീവിതത്തില്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എത്ര ഉന്നത നിലയിലെത്തിയാലും മറക്കരുത് എന്ന് ഞങ്ങള്‍ മക്കളെ പഠിപ്പിച്ചത് മാതാപിതാക്കളാണ്. ആ മാതാപിതാക്കളെ മറക്കുന്ന, അവരെ വലിച്ചെറിയുന്ന എത്രയോ മക്കള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഉണ്ട്. മക്കള്‍ ഉപേക്ഷിച്ചവര്‍, മാനസിക വിഭ്രാന്തി ഉള്ളവര്‍, ദുര്‍ഗുണ പരിഹാര പാഠ ശാലകളില്‍ നിന്നും വന്നവര്‍ ഒക്കെ ഇന്ന് എയ്ഞ്ചല്‍ ഗാര്‍ഡന്റെ സ്വന്തം.
നാട്ടില്‍ എത്തുന്ന പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം എപ്പോള്‍ വേണമെങ്കിലും എയ്ഞ്ചല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാം. ഇവിടുത്തെ ദൈവമക്കള്‍ക്കായി പ്രാര്‍ത്ഥിക്കാം . വീടിന്റെ ഹാള്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുക്കിയിട്ടുണ്ട്. അവരോടൊപ്പം ഭക്ഷണം കഴിക്കാം-സണ്ണി കൂട്ടിച്ചേര്‍ക്കുന്നു.