
തൃശ്ശൂര്‍ : അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ നിന്നും ജില്ലയിലെ മറ്റ് യു.ഡി.എഫ് അനുകൂല സഹകരണ ബാങ്കില്‍ നിന്നും എ.സി. മൊയ്തീന്‍ സഹകരണ വകുപ്പുമന്ത്രിയായിരുന്ന കാലയളവില്‍ ഏകദേശം 100 കോടിയിലധികം രൂപ നിയമവിരുദ്ധമായി കണ്‍സ്യൂമര്‍ ഫെഡിന് ലഭ്യമാക്കി നല്‍കിയ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഈ പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും അനില്‍ അക്കര ചോദിക്കുന്നു.അതിനിടെ തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായി സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്യോഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ഈ വിജിലന്‍സ് അന്വേഷണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി അനില്‍ അക്കര പറഞ്ഞു.
എന്നാല്‍ എ.സി. മൊയ്തീന്‍ മന്ത്രിയായിരുന്ന കാലത്തെ ക്രമക്കേടിന് എതിരെ പരാതി നല്‍കിയതും വടക്കാഞ്ചേരി പീഡനകേസ്സ്, കണ്‍സ്യൂമര്‍ഫെഡ്-ബെവ്ക്കോ എന്നിവര്‍ പുതുതായി വാടകയ്ക്കെടുക്കുന്ന കെട്ടിടങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള അഴിമതിയും പുറത്ത് കൊണ്ടു വന്നതിലുള്ള വൈരാഗ്യത്താല്‍ പിണറായി ഈ അന്വേഷണത്തിലൂടെ തീര്‍ക്കുന്നത്. അടാട്ട് ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടത്തണമെങ്കില്‍ ബാങ്കിലെ മാനേജര്‍ അറിയാതെ നടത്താന്‍ കഴിയില്ല. അല്ലെങ്കില്‍ മോഷ്ടിക്കണം. ഈ ബാങ്കിലെ ഇടപാടുകള്‍ മുഴുവന്‍ നടത്തിയിട്ടുള്ളത് മുന്‍ എം.എല്‍.എ ബാബു എം പാലിശ്ശേരിയുടെ ഭാര്യയായ ഇന്ദിരാ പ്രിയദര്‍ശിനിയാണ്. ഇവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിടാന്‍ പിണറായി തയ്യാറുണ്ടോ?
അടാട്ട് ഫാര്‍മേഴ്സ് ബാങ്കിലേതടക്കമുള്ള ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡ് നടത്തിയിട്ടുള്ള നിയമവിരുദ്ധ തട്ടിപ്പും ഞാന്‍ ഉന്നയിച്ച മറ്റ് ആരോപണങ്ങളും നിയമപരമായി അന്വേഷിക്കണം. വിജിലന്‍സ് അന്വേഷണം എന്ന പിണറായിയുടെ ഉമ്മാക്കിക്കു മുന്നില്‍ അടിയറ വെയ്ക്കാനുള്ളതല്ല എന്റെ രാഷ്ട്രീയം. പിണറായി നടത്തുന്നതുപോലുള്ള അവിശുദ്ധ കൂട്ടുകെട്ടും എനിക്കില്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തു നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. സുഹൃത്ത് ജയരാജനെ പോലെ കോടതിയില്‍ പോയി തടയിടാനും ഞാന്‍ തയ്യാറല്ല.
അടാട്ട് ഫാര്‍മേഴ്സ് ബാങ്കിലെ സി.പി.ഐ(എം) ഭരണകാലഘട്ടമായ 1993 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സി.പി.ഐ(എം) ജില്ലാ നേതൃത്വവും പിണറായി വിജയനും കൈപ്പറ്റിയിട്ടുള്ള അവിഹിത ഇടപാടുകളുടെ രേഖകള്‍ ഈ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതിനു ശേഷം പുറത്തുവരും. അതുവരെ താങ്കള്‍ ലാവ്ലിന്‍ കേസ്സില്‍ പ്രതിയായി ജയിലില്‍ പോകാതെ തല്‍സ്ഥാനത്ത് തുടരട്ടെ എന്ന് ദൈവവിശ്വാസിയായ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിനെതിരായി സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.