സ്‌ത്രീസുരക്ഷയ്‌ക്ക്‌ പ്രഥമ പരിഗണന:കേരളത്തിലെ ഡിജിപിയായി അനില്‍ കാന്ത് അധികാരമേറ്റു.

തിരുവനന്തപുരം :സ്‌ത്രീസുരക്ഷയ്‌ക്കാകും പ്രഥമ പരിഗണന നൽകുകയെന്ന്‌ പുതുതായി ചുമതലയേറ്റ പൊലീസ്‌ മേധാവി അനിൽ കാന്ത്‌ പറഞ്ഞു.ഔദ്യോഗിക ചടങ്ങില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഔദ്യോഗിക ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു തീരുമാനമെന്നും സ്ത്രീ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുമെന്നും അനിൽ കാന്ത് പ്രതികരിച്ചിരുന്നു. ​കൂടുതൽ കാര്യങ്ങൾ സഹപ്രവർത്തകരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്‌ ആസ്ഥാനത്ത്‌ ചുമതല ഏറ്റെടുക്കലിൽ നിലവിലെ പൊലീസ്‌ മേധാവി ലോകനാഥ്‌ ബെഹ്‌റയിൽനിന്ന്‌ അദ്ദേഹം അധികാര ദണ്ഡ്‌ ഏറ്റുവാങ്ങിയത്‌ അപൂർവ അനുഭവമായി. 2016 ജൂൺ ഒന്നിനാണ്‌ ബെഹ്‌റ പൊലീസ്‌ മേധാവിയായി ചുമതല ഏറ്റെടുത്തത്‌. സംസ്ഥാന പൊലീസ്‌ മേധാവി സ്ഥാനത്തുനിന്ന്‌ മാറ്റിയ ടി പി സെൻകുമാർ പ്രതിഷേധത്തിന്റെ ഭാഗമായി ചുമതല കൈമാറാൻ എത്തിയിരുന്നില്ല. പകരം പൊലീസ്‌ ആസ്ഥാനം എഡിജിപിയായിരുന്ന അനിൽ കാന്താണ്‌ ബെഹ്‌റയ്‌ക്ക്‌ അധികാര ദണ്ഡ്‌ കൈമാറിയത്‌. അതേ ബെഹ്‌റയിൽനിന്ന്‌ ഇപ്പോൾ അനിൽ കാന്ത്‌ അധികാര ദണ്ഡ്‌ ഏറ്റുവാങ്ങി.

വൈകിട്ട് അഞ്ചോടെ പൊലീസ് ആസ്ഥാനത്തെത്തിയ അനിൽ കാന്ത് വീരചരമമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർഥം ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലെത്തി. ചുമതലകൾ ഔദ്യോഗികമായി കൈമാറിയശേഷം ലോക്‌നാഥ് ബെഹ്റ സഹപ്രവർത്തകരോട് യാത്രപറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി.

ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഡല്‍ഹി സ്വദേശിയാണ്. പരേതനായ റുമാല്‍ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.

Top