തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗീസ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി. ഡയറക്ടറായി നിയമനം നേടിയത് അര്‍ഹമായ യോഗ്യതയില്ലാതെയായിരുന്നുവെന്നത് യു.ഡി. എഫിന് തലവേദനയാകുന്നു. ലോകായുക്തയാണ് ഇത് കണ്ടെത്തിയത്. അധികാരത്തിന്റെ പിന്‍ബലത്തിലാണ് അനില ഈ സ്ഥാനത്തെത്തിയതെന്ന് വ്യക്തമായി. മൂന്നുവര്‍ഷത്തിനിടെ 400 അവധിയെടുത്ത അനിലയുടെ ഡെപ്യൂട്ടേഷന്‍ നീട്ടണമെന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ കത്തും സംശയം ഉളവാക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥയായ അനിലയ്ക്ക് ആവശ്യമായ യോഗ്യതയില്ലെന്ന ആരോപണത്തില്‍ മന്ത്രിമാരായ കെ.സി. ജോസഫ്, അനൂപ് ജേക്കബ്, അനില മേരി ഗീവര്‍ഗീസ് എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്.
മലയാളം ബിരുദാനന്തരബിരുദവും പബ്‌ളിക്കേഷനിലെ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യത അനിലയ്ക്കില്ലെന്നാണ് ആരോപണം. പബ്‌ളിക്കേഷനിലെ പ്രവൃത്തിപരിചയവും വ്യാജമാണെന്ന് ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് അനിലയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
അതേസമയം ട്രോലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി അനൂപ് ജേക്കബ് രാംഗത്തു വന്നു .ഫെയ്സ് ബുക്കിലാണ് അനൂപ് ജേക്കബിന്റെ മറുപടി എത്തിയത് .
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇല്ലാത്ത ട്രോളുകൾ ഉണ്ടാക്കുന്ന വിശിഷ്ട വ്യക്തികൾ ആദ്യം deputation എന്ന വാക്കിന്റെ അർത്ഥം പഠിക്കൂ. നൂലിൽ കെട്ടി ഇറക്കി ഇരുത്തി പദവികൾ നേടിയെടുക്കുന്ന പാരമ്പര്യം എനിക്കില്ല. UGC scale salary വാങ്ങുന്ന aided college Asst.Professor ആണ് എന്റെ ഭാര്യ. ഞാൻ മന്ത്രിയും MLAയും ആകുന്നതിന് മുൻപ് തന്നെ ജോലി ചെയ്യുന്ന വ്യക്തിയാണ്. Deputation ൽ bhasha instituteൽ വരുന്നതും അതിനു മുൻപാണ്. ഇപ്പോഴും ജോലിയുണ്ട്. അല്ലാതെ 5 വർഷം എന്ന കണക്കിലുള്ള പിൻവാതിൽ നിയമനം അല്ല.