കണ്ണൂര്‍: ജന്തുജന്യ രോഗങ്ങളെക്കുറിച്ച് അനാവശ്യ ഭീതി ഒഴിവാക്കണമെന്ന് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയില്‍ ആനുകാലിക ജന്തുജന്യരോഗങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ ജന്തുജന്യരോഗങ്ങള്‍ കണ്ടുവരുന്നത് ആഫ്രിക്കയിലെ ടാന്‍സാനിയയിലാണ്. ഇന്ത്യയില്‍ ജന്തുജന്യരോഗങ്ങള്‍ താരതമ്യേന കുറവാണ്. വളര്‍ത്തുനായകള്‍ക്ക് കൃത്യസമയത്ത് കുത്തിവെപ്പ് നല്‍കണം. അറവുമാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തെരുവുനായശല്യം രൂക്ഷമാക്കുകയാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പേവിഷബാധ നിയന്ത്രിക്കാം.
ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.കെ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയിലെ ഡോ.എം.ആര്‍. ശശീന്ദ്രനാഥ്, കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ജയകൃഷ്ണന്‍ തയ്യില്‍ എന്നിവര്‍ ക്ളാസെടുത്തു.
മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ടി.വി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും അസി.ഡയറക്ടര്‍ ഡോ.എം.പി. ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.