കോട്ടയം: സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജിനോടു കായികമന്ത്രി കൂടിയായ ഇ.പി. ജയരാജന്‍ പരുഷമായി സംസാരിച്ചെന്നായിരുന്നു ആക്ഷേപം. അഞ്ജു മുഖ്യമന്ത്രിക്കു പരാതി നല്‍കി. സ്‌പോര്‍ട്‌സ് കൗണ്‍സിലുള്ളവര്‍ മുഴുവന്‍ അഴിമതിക്കാരാണെന്നു പറഞ്ഞെന്നും കാത്തിരുന്നു കണ്ടോയെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ അ!ഞ്ജു ആരോപിച്ചു. സര്‍ക്കാര്‍ നിലപാട് അങ്ങനെയല്ല എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി അഞ്ജുവിനെ ആശ്വസിപ്പിച്ചത്. അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു ഇപിയുടെപ്രതികരണം. ജയരാജന്‍ അപമര്യാദയായി പെരുമാറിയില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രിയും മന്ത്രിയെ പിന്തുണച്ചു.
എന്നാല്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ അവഹേളിച്ചു പുറത്താക്കിയ കായിക-വ്യവസായമന്ത്രി ഇ.പി ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയതിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. അതും ബന്ധുനിയമനം തന്നെയായിരുന്നു.
ജയരാജനെതിരായ കുരുക്ക് മുറുകുന്തോറും സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച മറ്റൊന്നായിരുന്നു.
‘കാര്യങ്ങള്‍ക്ക് എന്തൊരു സ്പീഡാ… അഞ്ജു പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ആ പള്ളി ഏത്…?’ എന്നതായിരുന്നു ഇന്നും ഇന്നലെയുമായി സാമൂഹ്യമാധ്യമങ്ങളില്‍ ഓടിക്കളിക്കുന്ന ആ ചോദ്യം. ചില വിരുതന്മാര്‍ ഈ ചോദ്യത്തിന് ഉത്തരവും കണ്ടെത്തിയിരുന്നു. കണ്ണൂര്‍, പേരാവൂരിലെ സെന്റ് ജോസഫ് ഫൊറോനാ പള്ളി.
എന്നാല്‍, അത് തന്റെ ഇടവക പള്ളിയാണെന്നും താന്‍ പോകുന്നത് കോട്ടയത്തെ പുതുപ്പള്ളി പള്ളി (മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടവക പള്ളി) യിലാണെന്നും അഞ്ജു പറഞ്ഞു.
മന്ത്രിയെ വിവാദങ്ങള്‍ പിടിമുറുക്കിയതു മുതല്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് തന്റെ പള്ളി ഏതാണ് എന്നതാണെന്നും അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.എന്നാല്‍, ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അഞ്ജു പറഞ്ഞു. വൈകാതെ പ്രതികരിച്ചേക്കുമെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തെ കുത്തിമുറിവേല്‍പ്പിക്കുന്നത് ശരിയല്ലല്ലോ എന്നും അവര്‍ പറഞ്ഞു.