കണ്ണൂര്‍: വീട്ടുകാരെയും ബന്ധുക്കളെയും ധിക്കരിച്ച് വിവാഹം കഴിച്ച ആന്‍മരിയയുടെ മരണം ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനം മൂലമെന്ന് പോലീസ്. പീഡനത്തില്‍ മനം നൊന്ത പതിനെട്ടുകാരിയായ ആന്‍ മരിയ സ്വയം ജീവനൊടുക്കുകയായിരുന്നു.
ഭര്‍ത്താവ് പള്ളിയാന്‍ സോബിനും ഭര്‍തൃപിതാവ് ആന്റണി, മാതാവ് മേരി എന്നിവരില്‍ നിന്നുമുണ്ടായ ക്രൂരമായ പീഡനമാണ് പതിനെട്ടുകാരിയായ ആന്മരിയ ജീവനൊടുക്കാന്‍ കാരണമായതെന്ന് ഡി.വൈ.എസ്പി. കെ.വി. വേണുഗോപാല്‍ തളിപ്പറമ്പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റ പത്രത്തില്‍ പറയുന്നു. ആന്മരിയയുടെ ആത്മഹത്യകുറിപ്പുകള്‍, ഡയറിക്കുറിപ്പുകള്‍, ഫോണ്‍ കോളുകള്‍, ചികിത്സിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍, കൂട്ടുകാരികളുടേയും കോളേജ് അദ്ധ്യാപകരുടേയും മൊഴികള്‍, അയല്‍വാസികളുടെ മൊഴികള്‍, മറ്റ് സാഹചര്യങ്ങള്‍ എന്നിവയടങ്ങിയ 130 പേജ് വരുന്ന കുറ്റ പ്ത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ പയ്യാവൂര്‍-പൈസക്കരി ദേവമാതാ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്മരിയ. നെടുവാലൂര്‍ പുത്തന്‍ പുരക്കല്‍ ആനിയുടേയും ഷൈജുവിന്റേയും മകളായ ആന്മരിയ കഴിഞ്ഞ ഫെബ്രവരി 5 നാണ് മരിച്ചത്. ഫ്രെബ്രവരി 3 ാം തീയ്യതി വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന ആന്മരിയയെ ഭര്‍തൃവീട്ടില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജ് ആസുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
അവശനിലയിലായ ആന്മരിയ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടയുകയായിരുന്നു. ഏരുവേശി പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ വച്ചാണ് ആന്മരിയക്ക് വിഷം അകത്ത് ചെന്നത്. ഇതും സംശയങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു. ആന്മരിയ സ്വയം വിഷം കഴിച്ചതാണോ അല്ല മറ്റാരെങ്കിലും ചതിച്ചതാണോ എന്ന് ചിലരെങ്കിലും ഇക്കാര്യത്തില്‍ സംശയം ഉയര്‍ത്തുന്നു.
ആന്മരിയയുടെ ദാരുണ മരണത്തിന് നാലുമാസം മുമ്പാണ് സോബിനുമായുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നതിനാല്‍ സ്വന്തം വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ ആന്മരിയ വീട് വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. അതുകൊണ്ടു തന്നെ വിവാഹ ശേഷവും ആന്മരിയ സ്വന്തം വീട്ടിലേക്ക് വന്നിരുന്നില്ല. പഠിച്ച് ജോലി നേടി മാത്രമേ ഇനി വീട്ടിലേക്കുള്ളൂ എന്ന് അമ്മയായ ആനിയോട് സൂചിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ആന്മരിയ. ഒപ്പം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വിവാഹ ശേഷം കോളേജില്‍ പഠനം തുടരുന്നതും സുന്ദരിയായ ആന്മരിയ പുറത്ത് പോകുന്നതിലുമൊക്കെ ഭര്‍ത്താവും മാതാപിതാക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ ലക്ഷ്യം പഠിച്ച് ജോലി നേടലാണെന്നും അതിനനുവദിക്കണെന്നും അവരോട് ആന്മരിയ അപേക്ഷിച്ചിരുന്നു.
എന്നാല്‍ നാള്‍ക്കുനാള്‍ ആന്മരിയയെ ദ്രോഹിക്കുന്നതിലാണ് അവര്‍ക്ക് താത്പര്യം. ഭര്‍ത്താവ് സോബിനോട് കാര്യങ്ങള്‍ പറഞ്ഞാലും യാതൊരു പരിഹാരവുമുണ്ടായിരുന്നില്ല. സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു വന്നവള്‍ ഇനി മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോകുമോ എന്ന സംശയം പോലും ഭര്‍ത്താവിലും ഭര്‍തൃവീട്ടുകാരിലും ഉണ്ടായി. എന്നാല്‍ ഇക്കാര്യമൊന്നും സ്വന്തം വീട്ടുകാരോട് പങ്കുവെക്കാനനവള്‍ക്കായില്ല. അതുകൊണ്ടു തന്നെ ഭര്‍തൃവീട്ടുകാരുടെ പീഡനവും തുടര്‍ന്നു. പഠനത്തിലും കവിതാ രചനയിലും മിടുക്കിയായിരുന്ന ആന്മരിയക്ക് കോളേജില്‍ താരപരിവേഷമുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും ഇതൊന്നും ഉള്‍ക്കൊള്ളാനായില്ല. അതോടെയാണ് ആന്മരിയ മരണത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് കുറ്റ പത്രത്തില്‍ സൂചിപ്പിക്കുന്നു.