തിരുവനന്തപുരം: ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തുന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. അതുപോലെ ശാസ്ത്രബോധം വളര്‍ത്തണമെന്നും ഭരണഘടന പറയുന്നുണ്ട്. ഭരണഘടനയില്‍ പറയുന്നത് മാത്രമാണ് താനും പറഞ്ഞതെന്നും ഷംസീര്‍ പറഞ്ഞു.
താന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ട ആളല്ല. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേക്ക് വന്നയാളാണ്. വിവാദങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി നല്ല ബന്ധമാണ്. താന്‍ തന്റെ അഭിപ്രായം പറഞ്ഞതുപോലെ സുകുമാരന്‍ നായര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനും അവകാശമുണ്ട്. യുവമോര്‍ച്ച നേതാവ് നടത്തിയ പ്രസ്താവന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നല്ലതല്ല. താന്‍ ഒരു വിശ്വാസിയെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ആളല്ലെന്നും ഷംസീര്‍ പറഞ്ഞു.
ഷംസീറിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി. ഷംസീര്‍ മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞില്ല. പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.