മലപ്പുറം: മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ് എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമ്പോഴും നിലപാടിലുറച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല എന്നും വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയത അഴിച്ചുവിടരുത് എന്നും എ എന്‍ ഷംസീര്‍ ഉറച്ചു പറഞ്ഞു. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാന്‍ ഒരാളെയും അനുവദിക്കരുത് എന്നും ഷംസീര്‍ വ്യക്തമാക്കി.
വിശ്വാസത്തിന്റെ മറവില്‍ വര്‍ഗീയത അഴിച്ചുവിടുന്നത് കണ്ടു നില്‍ക്കാനാവില്ല. മതനിരപേക്ഷയാണ് ആവശ്യം. മതേതരത്വമെന്നാല്‍ മതനിരാസമല്ല. ശാസത്രപ്രോത്സാഹനം വിശ്വാസത്തെ തള്ളല്‍ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല മോഡൽ സമരം പ്രഖ്യാപിച്ച് എൻഎസ്എസ് മുന്നോട്ട് പോകുമ്പോഴും സ്പീക്കറുടെ പരാമര്‍ശത്തിന്‍റെ പേരിൽ ഒരു വിട്ടുവീഴ്ചക്കുമില്ല സിപിഎം. മാപ്പുമില്ല, തിരുത്തുമില്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. എൻഎസ്എസ് ഉന്നയിക്കുന്നത് വെറുമൊരു വിവാദമല്ല. അതിനപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആസൂത്രിത നീക്കമാണ്. ഇതിന് പിന്നിൽ സംഘപരിവാര്‍ അജണ്ടയുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ് സിപിഎം.