യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിച്ചിരിക്കുകയാണ്. പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികകള്‍ പുറത്തിറക്കി കഴിഞ്ഞു. കൂടാതെ മറ്റ് വാഗ്ദാനങ്ങളും കൂട്ടുകളും സൃഷ്ടിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. അത്തരത്തിലൊന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാഗ്ദാനം ചെയ്യുന്ന ‘ആന്റി റോമിയോ സ്‌കോഡ്’. എന്നാല്‍ ഈ വാഗ്ദാനം ലൗജിഹാദ് ആരോപണം ഒളിച്ചു കടത്തുന്നതാണെന്ന വിമര്‍ശനം എതിര്‍ കക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്.
അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ആന്റി റോമിയോ സ്‌ക്വാഡ് സ്ഥാപിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് പറയുന്നത്. ന്യൂസ് 18 ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ബി.ജെ.പി ഒരു ആന്റി റോമിയോ സ്‌ക്വാഡിനു രൂപം നല്‍കും’ അഭിമുഖത്തില്‍ അമിത് ഷാ പറയുന്നു. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന ചിലര്‍ കാരണം യു.പിയില്‍ പെണ്‍മക്കളുടെ പഠനം പലരും പാതിവഴിയില്‍ നിര്‍ത്തുകയാണെന്നും ഇത് തടയാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നുമാണ് അമിത് ഷായുടെ ന്യായീകരണം.
‘ഇത് വര്‍ഗീയതയല്ല. സ്വന്തം ഗ്രാമത്തില്‍ അല്ലെങ്കില്‍ നഗരത്തില്‍ പഠിക്കുകയെന്നത് ഓരോ പെണ്‍കുട്ടിയുടെയും അവകാശമാണ്. അതുകൊണ്ടുതന്നെ എല്ലാറ്റിനും വര്‍ഗീയതയെന്ന ചായംപൂശുന്നത് ശരിയല്ല.’ അദ്ദേഹം പറയുന്നു. അതേസമയം 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കാമ്പെയ്നില്‍ ബി.ജെ.പി ഉപയോഗിച്ച ‘ലവ് ജിഹാദ്’ പ്രചരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവരാനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തല്‍. ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി ഇസ്ലാമിലേക്കു കൊണ്ടുപോകാന്‍ മുസ്ലിം യുവാക്കള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട് എന്നായിരുന്നു പ്രചരണം.
കശാപ്പ് നിരോധിക്കും, ഹിന്ദുതീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ സര്‍വ്വീസ് അനുവദിക്കും എന്നിങ്ങനെയുള്ള പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വര്‍ഗീയമാണെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു. ‘കശാപ്പുശാലകള്‍ നിരോധിക്കുന്നതിനെ ദയവുചെയ്ത് ആ രീതിയില്‍ കാണരുത്. കന്നുകാലി കടത്തും കശാപ്പും തടയാന്‍ വേണ്ടിയാണത്.’ അദ്ദേഹം പറയുന്നു.