ആപ്പിളിന്‍റെ കള്ളത്തരം കണ്ടുപിടിച്ച പതിനേഴുകാരന്‍ താരമായി; കുറ്റസമ്മതം നടത്തി കമ്പനി  

 

 

ലണ്ടന്‍: ആപ്പിളിനിത് കഷ്ടകാലം ആണ്. കമ്പനിക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളോടു മാപ്പ് ചോദിച്ച് കമ്പനി രംഗത്തെത്തി. കമ്പനിയുടെ കള്ളത്തരം പുറത്ത് കൊണ്ട് വന്നത് 17കാരനാണ്.  ഉപഭോക്താക്കളെ അപ്‌ഗ്രേഡ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കി, ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പഴയ ഫോണുകള്‍ മന്ദഗതിയാലാക്കുകയാണെന്ന് കണ്ടെത്തിയത് ടെന്നീസണ്‍കാരനായ ടൈലര്‍ ബാര്‍നി എന്ന ഹൈസ്‌കൂള്‍കാരനാണ്.  നിരവധി ഗവേഷണങ്ങള്‍ നടത്തിയാണ് ബാര്‍നി കമ്പനിയുടെ കള്ളത്തരം കണ്ടുപിടിച്ചത്. കണ്ടുപിടിച്ച കാര്യം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഈ പതിനേഴുകാരന്‍ താരമായത്.  പുതിയ മോഡലും തന്റെ സഹോദരന്റെ കൈയിലിരിക്കുന്ന ആപ്പിളിന്റെ പഴയ മോഡലും വെച്ച് സംഭവം സ്ഥിരീകരിച്ചതിന് ശേഷമാണ് ബാര്‍നി പോര്‍ട്ടലില്‍ ഇത് പ്രസിദ്ധീകരിച്ചത്. പഴയ ലിഥിയം അയേണ്‍ ബാറ്ററികളുള്ള ഫോണുകളാണ് കമ്പനി മന:പൂര്‍വ്വം മന്ദീഭവിപ്പിച്ചത്.  പിന്നീട് കമ്പനി തന്നെ ഇതില്‍ കുറ്റസമ്മതം നടത്തി. ഷട്ട് ഡൗണ്‍ ആവാനുള്ള സമയ ദൈര്‍ഘ്യം കൂട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. ഇതോടെ ബാറ്ററി പ്രവര്‍ത്തനം നിറുത്തുകയും അപ്‌ഗ്രേഡ് അനിവാര്യമാവുകയും ചെയ്യും.  ഇതുവഴി പഴയ ഫോണുകള്‍ മന്ദഗതിയാലാക്കുകയായിരുന്നു ആപ്പിള്‍. പുതിയ ഫോണ്‍ മാറ്റി വാങ്ങാനാണ് കമ്പനി ഇത്തരത്തില്‍ തങ്ങളെ ചതിച്ചതെന്നാണ് ഉപഭോക്താക്കളുടെ പരാതി. നിരവധി ഉപഭോക്താക്കള്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി പരാതി ഉയര്‍ത്തുകയും ചിലര്‍ കോടതികളെ സമീപിക്കുകയും ചെയ്തതോടെയാണ് കമ്പനി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.  അതേസമയം ബാറ്ററി മാറ്റിവയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് കമ്പനി പ്രഖ്യാപിച്ചു. ഐഫോണ്‍ 6 മുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 29 ഡോളറിന് ബാറ്ററി മാറ്റിവാങ്ങാം.  നിലവില്‍ 79 ഡോളറാണ് ബാറ്ററിയുടെ വില. ഉപഭോക്താക്കളെ സഹായിക്കുന്ന വിധത്തില്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

Top