ഈ 57 കാരന് 2017 ല്‍ ശമ്പളവും ബോണസുമായി ലഭിച്ചത് 652 കോടി;കിടിലന്‍ സമ്മാനം വേറെയും  

 

 

കാലിഫോര്‍ണിയ : ആപ്പിള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ടിം കുക്കിന് 2017 ല്‍ ശമ്പളവും ബോണസുമായി ലഭിച്ചത് 652 കോടി രൂപ. ആപ്പിള്‍ ഷെയറുകളുടെ മൂല്യം 2017 ല്‍ കുതിച്ച് കയറിയ സാഹചര്യത്തിലാണ് കമ്പനി ടിം കുക്കിന്റെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചത്. അതായത് ശമ്പള ഇനത്തില്‍ 20 കോടിയും ബോണസായി 60 കോടിയും ലഭിച്ചു. ഇതിന് പുറമെ ആപ്പിളിന്റെ 572 കോടി രൂപ മൂല്യമുള്ള ഓഹരികളും അദ്ദേഹത്തിന് നല്‍കി. ഇതോടെയാണ് ടിം കുക്കിന്റെ ഈ വര്‍ഷത്തെ ആകെ ശമ്പളാനുകൂല്യങ്ങള്‍ 652 കോടിയായത്.ഇതുമാത്രമല്ല, അദ്ദേഹത്തിന് ഉപയോഗിക്കാന്‍ കമ്പനി സ്വകാര്യ വിമാനവും നല്‍കിയിട്ടുണ്ട്. ടിം കുക്കിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി പ്രൈവറ്റ് ജെറ്റ് നല്‍കിയത്. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇദ്ദേഹത്തിനായി നിയമിച്ചു. ടിം കുക്കിന്റെ സ്വകാര്യ ജെറ്റ് ഉപയോഗത്തിനായി 59,37120 രൂപയാണ് ആപ്പിള്‍ ചെലവിടുക. സുരക്ഷാ ജീവനക്കാരുടെ ശമ്പളാനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചെലവിലേക്കായി കമ്പനി 1,43,00160 രൂപയും വകയിരുത്തിയിട്ടുണ്ട്. ആപ്പിള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. 2017 ല്‍ ലോകത്താകമാനമുള്ള മൊബൈല്‍ വിപണിയിലെ ലാഭത്തിന്റെ 60 ശതമാനവും ആപ്പിളാണ് കയ്യാളിയത്.

Top