ന്യൂഡല്‍ഹി: ഫെയര്‍നെസ് ക്രീം തേച്ചിട്ടും വെളുക്കാത്തതിനെ തുടര്‍ന്നുള്ള പരാതിയില്‍ പരസ്യത്തിലഭിനയിച്ച ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് സമന്‍സ്. ന്യൂഡല്‍ഹി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് സമന്‍സയച്ചിരിക്കുന്നത്. ഇമാമി കമ്പനിയുടെ ഫെയര്‍ ആന്റ് ഹാന്‍സം ക്രീമിനെതിരേയാണ് പരാതി.
കമ്പനി അധികൃതരോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയര്‍നെസ് ക്രീം ഉപയോഗിച്ചിട്ടും കമ്പനി പരസ്യത്തില്‍ അവകാശപ്പെട്ടതു പോലെയുള്ള ഫലമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി നിഖില്‍ ജയ്ന്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. 2015ല്‍ ഇതേകേസില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പരാതിക്കാരന് അനുകൂലമായി വിധി പറയുകയും ഇമാമിയോട് പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
15 ലക്ഷം രൂപ കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കമ്പനി സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ അപ്പീല്‍ നല്‍കി. ജില്ലാ ഫോറം എല്ലാ രേഖകളും പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പരിഗണിക്കാന്‍ ജില്ലാ ഫോറത്തിന് മടക്കി നല്‍കുകയായിരുന്നു.
ഇമാമിയുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈ ക്രീം ഉപയോഗിച്ചിട്ടും ഷാരൂഖ് ഖാന്‍ പോലും വെളുത്തില്ലെന്നും ജയ്ന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 27നകം പരാതിയില്‍ മറുപടി സമര്‍പ്പിക്കാനും ജില്ലാ ഫോറം ഇമാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.