ചെന്നൈ: നീണ്ട 75 ദിവസമായിരുന്നു തമിഴ് നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്. ഈ സമയമൊക്കെയും കണ്ണുചിമ്മാതെ പരിചരിച്ച നഴ്‌സുമാരും ഡോക്ടര്‍മാരും ജയലളിതക്കൊപ്പമുണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.
അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും സാധാരണ നിലയിലേക്ക് മടങ്ങിവന്നപ്പോഴൊക്കെ അവര്‍ വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ഇക്കാലയളവില്‍ ജയലളിതയെ പരിചരിച്ച ഡോക്ടര്‍മാരും നഴ്സുമാരും പറയുന്നു. മിക്കവാറും സമയങ്ങളില്‍ ഡോക്ടര്‍മാരുടെയും നഴസുമാരുടെയും നിര്‍ദേശങ്ങളോട് നന്നായി സഹകരിച്ചു. നിങ്ങള്‍ പറയുന്നതെന്തും ചെയ്യാമെന്ന നിലപാടായിരുന്നു മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുടേതെന്നും അവര്‍ പറയുന്നു.
മൂന്ന് നഴ്സുമാര്‍ക്കായിരുന്നു ജയലളിതയുടെ പരിചരണച്ചുമതലയ പ്രധാനമായും നല്‍കിയിരുന്നത്. മലയാളിയായ ഷീലയടക്കമുള്ള ഈ മൂവര്‍സംഘത്തെ ‘കിങ് കോങ്’ എന്നാണ് ജയ സ്നേഹത്തോടെ വിളിച്ചിരുന്നത്. ഭക്ഷണം കഴിക്കാന്‍ എത്ര ബുദ്ധിമുട്ടുണ്ടായാലും അവര്‍ പറഞ്ഞാല്‍ അനുസരിച്ചു. അവര്‍ ഓരോരുത്തര്‍ക്കും വേണ്ടി ഓരോ സ്പൂണ്‍ കഴിക്കും. ഒരു സ്പൂണ്‍ തനിക്കുവേണ്ടിയും. അതായിരുന്നു ജയലളിതയുടെ രീതിയെന്ന് ഷീല പറയുന്നു. ഉപ്പുമാവ്, പൊങ്കല്‍, കര്‍ഡ് റൈസ്, ഉരുളക്കിഴങ്ങുകറി തുടങ്ങി ജയലളിതയുടെ പാചകക്കാരനുണ്ടാക്കുന്ന ഭക്ഷണമാണ് അവര്‍ക്ക് നല്‍കിയിരുന്നത്.
16 നഴ്സുമാരെ നിയോഗിച്ചിരുന്നെങ്കിലും ഷീലയും രേണുകയും സമുന്ദേശ്വരിയുമായിരുന്നു ജയക്ക് ഏറെ പ്രിയപ്പെട്ടവര്‍. ജയയുടെ നിര്യാണത്തെത്തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ജയയുമൊത്തുള്ള 75 ദിവസത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. പലപ്പോഴും തമാശപറഞ്ഞുകൊണ്ട് മാത്രമേ ജയ അവരോട് ഇടപെടിട്ടിരുന്നുള്ളൂ. അപൂര്‍വം ഘട്ടങ്ങളില്‍ മാത്രമാണ് ജയ സഹകരിക്കാതിരുന്നിട്ടുള്ളത്.. സെപ്റ്റംബര്‍ 22-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതലുള്ള അനുഭവങ്ങള്‍ ഡോക്ടര്‍മാരും നഴ്സുമാരും പങ്കുവച്ചു.
സെപ്റ്റംബര്‍ 22-ന് ആശുപത്രിയിലെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു ജയ. എന്നാല്‍, നാലുമണിക്കൂറിനുശേഷം സാധാരണ നിലയിലെത്തിയപ്പോള്‍ അവര്‍ സാന്‍ഡ്വിച്ചും കാപ്പിയും ആവശ്യപ്പെട്ടു. അതുമുതലിങ്ങോട്ട് ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും അനുഭവിച്ച കാര്യങ്ങളാണ് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്. അപ്പോളോ ആശുപത്രിയില്‍നിന്ന് കിട്ടുന്ന കാപ്പി അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. ആശുപത്രിയില്‍നിന്ന് പോയസ് ഗാര്‍ഡനിലേക്ക് മടങ്ങിയശേഷം തന്നെ പരിചരിച്ചവരെ അവിടെ വിളിച്ചുവരുത്തി ലോകത്തെ ഏറ്റവും മികച്ച തേയില ഉപയോഗിച്ച ചായ നല്‍കുമെന്ന് ജയ പറഞ്ഞിരുന്നതായി ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ദ്ധര്‍ ഡോ. രമേഷ് വെങ്കട്ടരാമന്‍ അനുസ്മരിച്ചു. പക്ഷേ, ആ വാക്ക് പാലിക്കാനാവാതെ ജയലളിത മടങ്ങി.
നവംബര്‍ 22-ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ തഞ്ചാവൂരിലും അര്‍വാക്കുറിച്ചിയിലും തിരുപ്പുറംകുണ്ഡ്രത്തിലും വിജയിച്ച വാര്‍ത്ത ജയലളിതയെ ആവേശം കൊള്ളിച്ചിരുന്നു. ജയ ടി.വിയില്‍ ഈ വാര്‍ത്ത കണ്ട് അവര്‍ പുഞ്ചിച്ചപ്പോള്‍, തങ്ങള്‍ക്കും ആവേശമായതായി ഡോ. ഭാമ പറഞ്ഞു. തിരിച്ചുവരവിന്റെ ലക്ഷണങ്ങളെല്ലാം പ്രകടിപ്പിച്ച ജയയെ ഞായറാഴ്ചത്തെ ഹൃദയസ്തംഭനമാണ് വീണ്ടും അപകടത്തിലേക്ക് തള്ളിവിട്ടത്. പഴയൊരു തമിഴ് സിനിമ കണ്ടുകൊണ്ടിരിക്കെയായിരുന്നു അത്. പരിശോധനയ്ക്കായി ഡോക്ടര്‍ മുറിയിലെത്തുമ്പോള്‍ ചലനമില്ലാത്ത അവസ്ഥയിലായിരുന്നു അവര്‍. പെട്ടെന്നുതന്നെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പിറ്റേന്ന് അവര്‍ ലോകത്തോട് വിടപറഞ്ഞു.