കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിൽ മുൻ കൂർ ജാമ്യം ഹൈക്കോടതിയും നിഷേധിച്ചതിനാൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി പൊലീസിന് കീഴടങ്ങും .അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് ചോദ്യം ചെയ്യാൻ ഹാജരാകുന്നത്.കേസിൽ ദിലീപിന്റെ അറസ്റ്റിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ പോയത്. മാനേജർ അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പോലീസ് ആലോചിക്കുന്നതിനിടെയായിരുന്നു അപ്പുണ്ണി മുങ്ങിയത്. തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അപ്പുണ്ണിക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അതിനിടെ, അപ്പുണ്ണി നിലമ്പൂരിലും ദേവാലയിലുമായാണ് ഒളിവിൽ കഴിയുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ട അപ്പുണ്ണി ബുധനാഴ്ച ഹാജരാകുമെന്നാണ് അന്വേഷണ സംഘത്തിന്റെയും പ്രതീക്ഷ.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ദിലീപിന്റെ മാനേജർ അപ്പുണി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിലാണ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. എത്രയും പെട്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചത്. അപ്പുണ്ണി കേസിൽ പ്രതിയല്ലെന്നും ഗുഢാലോചനയിൽ പങ്കാളിയല്ലെന്നുമാണ് ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നാണ് കോടതി ചോദിച്ചത്. നിലവിലെ സാഹചര്യത്തിൽ മാനേജർ അപ്പുണ്ണി ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. ആലുവ പോലീസ് ക്ലബിൽ… അപ്പുണ്ണി ഹാജരായേക്കുമെന്ന സൂചന ലഭിച്ച അന്വേഷണ സംഘം ആലുവ പോലീസ് ക്ലബിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ദിലീപ് പൾസർ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും, സുനി ദിലീപിനെ വിളിച്ചപ്പോഴുമെല്ലാം ദിലീപിന്റെ കൂടെ മാനേജറായ അപ്പുണ്ണിയുമുണ്ടായിരുന്നു. അതിനാൽ അപ്പുണ്ണിയിൽ നിന്നും നിർണ്ണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്