സ്വന്തം ലേഖകൻ
പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തെ നഖശിഖാന്തം എതിർത്ത് സമരം നടത്തിയ കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ വിമാനത്താവളത്തിനു കേന്ദ്ര അനുമതി. ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര സർക്കാരിന്റെ യാതൊരു അനുമതിയും നിലനിൽക്കുന്നില്ലെന്നു ബി.ജെ.പി. സംസ്ഥാന നേതൃത്വം വ്യക്തമാക്കുമ്പോൾ കേന്ദ്ര പ്രതിരോധവകുപ്പ്, വ്യോമയാന വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ നൽകിയ അനുമതി ഇപ്പോഴും നിലനിൽക്കുന്നതായുള്ള രേഖകൾ പുറത്തു വന്നു. ഇതോടെയാണ് കുമ്മനം അടക്കം വിമാനത്താവളത്തിനെതിരെ സമരം നടത്തിയ ബിജെപി നേതാക്കൾ പ്രതിസന്ധിയിലായി. പദ്ധതിക്ക് (എക്‌സ്‌പേർട്ട് അപ്രൈസൽ കമ്മിറ്റി)വിലയിരുത്തൽ വിദഗ്ധസമിതി പച്ചക്കൊടി കാട്ടിയിട്ട് മാസങ്ങളായി. ഇനി ആവശ്യമായുള്ളതു പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടിനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മാത്രമാണ്.
വിമാനത്താവളത്തിന്റെ ദോഷഫലങ്ങൾ വ്യക്തമാക്കി സമിതിക്കു ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഈ വർഷാദ്യം സമർപ്പിച്ച കത്തുപോലും പരിഗണിക്കാതെയാണു കഴിഞ്ഞ മാർച്ച് 28ന് പ്രതിരോധ മന്ത്രാലയം പദ്ധതിക്ക് വീണ്ടും എൻ.ഒ.സി. നൽകിയതെന്നാണു രേഖകൾ വെളിപ്പെടുത്തുന്നത്. യാഥാർഥ്യം ഇതായിരിക്കെ പദ്ധതിക്കു കേന്ദ്രത്തിന്റെ യാതൊരുവിധ അനുമതിയും നിലവിലില്ലെന്നാണു കഴിഞ്ഞ ദിവസം ആറന്മുളയിൽ അയ്യപ്പസേവാസമാജം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കുമ്മനം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ നൽകിയ അംഗീകാരവും വ്യവസായ മേഖലാ പ്രഖ്യാപനവും പിൻവലിച്ചാൽ വിമാനത്താവള വിഷയം അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇതു സത്യവിരുദ്ധമാണെന്നു തെളിയിക്കുന്നതാണു പുറത്തുവന്നിട്ടുള്ള രേഖകൾ.
വിമാനത്താവള നിർമാണ കമ്പനിയായ കെ.ജി.എസിനു കഴിഞ്ഞ യു.പി.എ. സർക്കാർ നൽകിയ അനുമതി ബി.ജെ.പി. സർക്കാർ കഴിഞ്ഞ വർഷം മേയ് എട്ടിനാണ് റദ്ദാക്കിയത്. തുടർന്ന് കമ്പനി സമർപ്പിച്ച പുതിയ അപേക്ഷയെ തുടർന്നാണ് 2015 ജൂൺ 24 മുതൽ 25 വരെ ചേർന്ന വിദഗ്ധസമിതിയുടെ 149മത് യോഗം അപേക്ഷ പരിഗണിച്ചത്.
അതിൽ പരിസ്ഥിതിക്കു വിഘാതമായി നൽക്കുന്ന ഘടകങ്ങൾക്കു കെ.ജി.എസ.് പരിഹാരവും നിർദേശിച്ചിരുന്നു. ഹരിത ട്രിബ്യൂണലും സുപ്രീം കോടതിയും വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയത് പരിസ്ഥിതി കാരണങ്ങൾകൊണ്ടല്ലെന്ന് അപേക്ഷയിൽ പറയുന്നു. ഇതിനു പരിഹാരമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ റൈറ്റ്‌സ്, നബെറ്റ് എന്നിവയെക്കെണ്ടു പുതിയ പഠനം നടത്താനാണു ലക്ഷ്യമെന്നും ഇതിൽ വ്യക്തമാക്കുന്നു. ജനാഭിപ്രായ ആരായുമെന്നും കാട്ടിയിട്ടുണ്ട്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണു വിദഗ്ധസമിതിയുടെ നിർദേശത്തെ തുടർന്നു പ്രതിരോധമന്ത്രാലയം പദ്ധതിക്കു വീണ്ടും എൻ.ഒ.സി നൽകിയിട്ടുള്ളത്. ഈ അനുമതി ഇപ്പോഴും നിലനിൽക്കുന്നതായി കെ.ജി.എസും വ്യക്തമാക്കുന്നു. പദ്ധതിയെപ്പറ്റി ഇപ്പോഴും കമ്പനിക്കു ശുഭപ്രതീക്ഷയാണുള്ളത്.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു പദ്ധതിക്കു തത്വത്തിൽ നൽകിയ അനുമതി ഇപ്പോഴും നിലനിൽക്കുന്നു. വ്യവസായ മേഖലാ പ്രഖ്യാപനവും പിൻവലിച്ചിട്ടില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.ജി.എസിന് കഴിയും. പദ്ധതി നിർമാണത്തിനു മുന്നോടിയായി ജനാഭിപ്രായം സ്വരൂപിക്കുമെന്നും കമ്പനി നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു