റഷ്യന്‍ ലോകകപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ തലകുനിച്ച് ഇറങ്ങി പോകേണ്ടി വന്ന അര്‍ജന്റീനിയന്‍ ടീം ആരാധകര്‍ക്ക് ഇപ്പോഴും മനസിന്റെ വേദനയാണ്. ഇതിനിടെ ഒരുപാട് വിമര്‍ശനങ്ങളും ടീം നേരിടേണ്ടി വന്നു. ഇതിഹാസ താരം മെസി ഇത്തവണയും കിരീടം നേടാതെ നാണംകെട്ട് ഇറങ്ങി പോയത് അര്‍ജന്റീന വിരോധികളെ പോലും വിഷമിപ്പിച്ചു. ഇതോടെ സ്വന്തം നാട്ടിലും ആരാധകര്‍ക്കിടയിലും ഒറ്റപ്പെട്ടു നില്‍ക്കുകയാണ് അര്‍ജന്റീനിയന്‍ ടീം.
അര്‍ജന്റീനയുടെ ദയനീയ പ്രകടനത്തിന് പിന്നിലെ കാരണങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. എന്നാല്‍ അര്‍ജന്റീനനയ്ക്ക് പുതുജീവന്‍ വാഗ്ദാനവുമായി സാക്ഷാല്‍ ഡിഗോ മറഡോണ രംഗത്ത് വന്നിരിക്കുകയാണ്. ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങിയതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് സാംപോളി വിരമിക്കുമെന്ന അഭ്യൂഹവും പരന്നിരുന്നു. സാംപോളിക്ക് പകരം ആരാകും എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് നിലപാട് അറിയിച്ച് മറഡോണ രംഗത്തെത്തിയിരിക്കുന്നത്.
അര്‍ജന്റീനിയന്‍ ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നാണ് മറഡോണ വ്യക്തമാക്കിയിരിക്കുന്നത്. വെനസ്വേലന്‍ ടിവി നെറ്റ് വര്‍ക്കായ ടെലെസറിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അര്‍ജന്റീനയുടെ പരിശീലകനായി തിരിച്ചെത്താനുള്ള ആഗ്രഹം മാറഡോണ പങ്കുവെച്ചത്.
ലോകകപ്പിലെ മികച്ചവരെന്ന് പോലും താന്‍ കരുതാത്ത ടീമിനോട് തോറ്റ് തന്റെ ടീം പുറത്താകുന്നത് കാണേണ്ടി വന്നുവെന്നും മറഡോണ വ്യക്തമാക്കി. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പരിശീലിപ്പിച്ചത് മാറഡോണയായിരുന്നു. അന്ന് ക്വാര്‍ട്ടറില്‍, കരുത്തരായ ജര്‍മനിയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് അര്‍ജന്റീന മടങ്ങിയത്.