സ്‌പോട്‌സ് ഡെസ്‌ക്
വെസ്റ്റേൺ അമേരിക്ക: ഒളിപ്പോർ മാത്രം ചെയ്തു ശീലിച്ച ബൊളീവിയൻ പോരാളികൾക്കു അർജന്റീനയുടെ നേരിട്ടുള്ള ആക്രമണത്തെ പ്രതിരോധിക്കാനായില്ല. പ്രതിരോധ പഴുതിയെ വീഴ്ചകൾ എണ്ണപ്പറഞ്ഞ ഗോളുകളിലൂടെ ബൊളീവിയൻ സംഘത്തെ തകർത്ത് മെസിയും കൂട്ടരും ഗ്രൂപ്പ് ചാംപ്യൻമാരായി തന്നെ ക്വാർട്ടർ ഉറപ്പിച്ചു. ക്വാർട്ടറിയിൽ വെനസ്വേലയാണ് അർജന്റീനയുടെ എതിരാളികൾ.
മെസിയില്ലാതെ ആദ്യ ഇലവനെ കളത്തിലിറക്കിയ കോച്ച് ജെറാദ് മാർട്ടിനോയ്ക്കു തീരെ പിഴച്ചില്ല. മെസിക്കും ഡി മരിയയ്ക്കും പകരം ഹിഗ്വെയിനെയും അഗ്യൂറോയെയും ലവാസിയെയും മുന്നേറ്റനിരയിൽ പരീക്ഷിച്ച മാർട്ടിനോ 4-3-3 ശൈലിയിൽ ആക്രമണത്തിനു കൂടുതൽ പ്രധാന്യം നൽകിയാണ് ടീമിനെ പരീക്ഷിച്ചത്. താളം കണ്ടെത്താൽ അൽപം വിഷമിച്ച ടീം പക്ഷേ, ബൊളീവിയയുടെ ആദ്യ ആക്രണമങ്ങളെ മൈതാന മധ്യത്തിൽ വച്ചു തന്നെ മുനയൊടിച്ചു വിട്ടു.
മിഡ്ഫീൽഡിൽ മഷാറാനോയുടെ ഇടപെടലിനെ തുടർന്നു വീണു കിട്ടിയ പന്താണ് ആദ്യ ഗോളിലേയ്ക്കു അർജന്റീനയ്ക്കു വഴി തുറന്നത്. പന്തുമായി വലതു വിങ്ങിലൂടെ കുതിച്ച ലവാസിയെ തടുക്കാൻ കാൽവച്ച ബൊളീവിയൻ അടവു പിഴച്ചു, ബോക്‌സിനു തൊട്ടു പിന്നിൽ നിന്നു ഫ്രീകിക്ക്..! കിക്കെടുക്കാൻ നിന്നത് അഗ്യൂറോയും എറിക് ലെമെറെയും. അഗ്യൂറോ കിക്കെടുക്കുമെന്നു പ്രതീക്ഷിച്ച ബൊളിവീയൻ പ്രതിരോധത്തെ കബളിപ്പിച്ച് കിക്കെടുത്തത് ലമേറ, പ്രതിരോധ മതിലിൽ തട്ടിയ പന്ത് തെറിച്ചു വീണത് പോസ്റ്റിന്റെ ഇടതു മൂലയിൽ. തൊട്ടു പിന്നാലെ രണ്ടാം ഗോളും എത്തി, രണ്ടു മിനിറ്റിനു ശേഷം പോസ്റ്റിന്റെ ക്ലോസ് റേഞ്ചിൽ നിന്നു ഹിഗ്വെയിന്റെ ഷോപ്പ് സർവശക്തിയുമെടുത്ത് ബൊളീവിയൻ ഗോളി തട്ടിയിട്ടത് ലാവാസിയുടെ കാലിലേയ്ക്കു.. ഗോൾ..!
വലതു വിങ്ങിലൂടെ മൂന്നാം ഗോളിനായി കുതിച്ചെത്തിയ ലാവാസി ലക്ഷ്യം വച്ചത് പോസ്റ്റിനെ തന്നെയായിരുന്നു എന്നാൽ, പോസ്റ്റിൽ നിന്നു പുറത്തേയ്ക്കു പറന്നേക്കുമെന്ന സാഹചര്യത്തിൽ വിക്ടർ കുസേറ്റയുടെ കൃത്യമായ ഇടപെടൽ ഗോളിയെ കബളിപ്പിച്ച് മൂന്നാം ഗോളും വലയിൽ. രണ്ടാം പകുതിയിൽ സാക്ഷാൽ മെസിയെ കളത്തിലിറക്കി കോച്ച് മാർട്ടിനോ കളത്തിലിറക്കിയെങ്കിലും, പരുക്കൻ അടവുകളുമായി ബൊളീവിയ കളം നിറഞ്ഞു കളിച്ചു. പല തവണ മെസിയെ വലിച്ചിട്ട് ബൊളീവിയൻ പ്രതിരോധക്കാർ മഞ്ഞക്കാർഡും വാങ്ങി. സ്വതവേ ശാന്തശീലനായ മെസിയെ പോലും പ്രകോപിപ്പിക്കുന്നതായിരുന്നു പലപ്പോഴും ബൊളീവിയൻ പ്രതിരോധം. ഒടുവിൽ കാര്യമായ നാശനഷ്ടമില്ലാതെ ബൊളീവിയക്കാർ അർജന്റീനിയൻ ആക്രമണത്തിൽ നിന്നു രക്ഷപെട്ടു.