അരിക്കൊമ്പൻ കുമളിക്ക് 6 കി.മീ. അടുത്തെത്തി മടങ്ങി;നാശം വിതക്കുമോ ? നിരീക്ഷണം തുടരുന്നു..

ഇടുക്കി :അരിക്കൊമ്പൻ വീണ്ടും നാശം വിതക്കുമോ ? ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൌണിൽ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റർ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്നലുകളിൽ നിന്നും വനംവകുപ്പിന് വ്യക്തമായത്. ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നൽ പ്രകാരമാണിത്. ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പൻ മടങ്ങി. പെരിയാർ കടുവ സാങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളിൽ തന്നെയാണ് നിലവിൽ ആനയുള്ളത്. വനം വകുപ്പ് സംഘം നിരീക്ഷണം തുടരുകയാണ്.

ഇന്നലെയാണ് അരിക്കൊമ്പൻ കുമിളിക്കു സമീപം എത്തിയതെന്നാണ് ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വച്ച് വനംവകുപ്പ് അറിയിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു. അരിക്കൊമ്പൻ ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ അടുത്തെത്തി എന്നു പറയുമ്പോഴും, പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, തമിഴ്നാടിന്റെ വനമേഖലയിൽ ഉൾപ്പെടെ അരിക്കൊമ്പൻ ഇതിനകം യാത്ര ചെയ്തെങ്കിലും ചിന്നക്കനാലിലേക്കു മടങ്ങുന്നതിന്റെ യാതൊരു സൂചനയും ലഭ്യമല്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പൻ തിരിച്ചെത്തിയിരുന്നു. അരിക്കൊമ്പൻ പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു. ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ആറു ദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.

Top