തൊടുപുഴ: സഹോദരിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പ്ലസ്ടുവിദ്യാര്‍ത്ഥി തലയ്ക്കടിച്ചു കൊന്നു. സഹോദരിയും കാമുകനുമായുള്ള ഫോണ്‍ സംഭാഷണം രഹസ്യമായി ചോര്‍ത്തി. ഇതു കേള്‍പ്പിച്ച് സഹോദരിയെ ലൈംഗികമായി ഉപയോഗിക്കാനും ശ്രമിച്ചതായാണ് ആരോപണം. ചോദ്യം ചെയ്തപ്പോള്‍ മോശം പ്രതികരണവും അശ്ലീലപരാമര്‍ശവും. കാളിയാറില്‍ സഹോദരിയുടെ സഹപാഠിയെ +2 വിദ്യാര്‍ത്ഥി ബിയര്‍കുപ്പിക്ക് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് പോലീസ് വിശദികരിക്കുന്നത് പറയുന്നത് ഇതാണ്.
അറക്കുളം സെന്റ് ജോസഫ് കോളജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി, വണ്ടമറ്റം അമ്പാട്ട് സോമന്റെയും വിലാസിനിയുടെയും മകന്‍ അര്‍ജുനാ (20)ണ് മരിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത +2 വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അര്‍ജുന്‍ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ബോര്‍ഡ് മുമ്പാകെ ഇന്നു ഹാജരാക്കും. കസ്റ്റഡിയിലായ വിദ്യാര്‍ത്ഥിയുടെ സഹോദരിയും അര്‍ജുനും ഒരേ കോളജിലാണ് പഠിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കോടിക്കുളം ഐരാമ്പിള്ളിക്കു സമീപത്തെ വീട്ടിനടുത്തേക്ക് വിദ്യാര്‍ത്ഥിയും സുഹൃത്തും ചേര്‍ന്ന് അര്‍ജുനെ വിളിച്ചു വരുത്തുകയായിരുന്നു.
സഹോദരിയോട് മോശമായി പെരുമാറിയതുസംമ്പന്ധിച്ച് വിവരങ്ങളാരഞ്ഞപ്പോള്‍ അര്‍ജുന്‍ പ്രശ്നത്തെ നിസാരവല്‍ക്കരിക്കുകയും വീണ്ടും മോശം പരാമര്‍ശം നടത്തുകയായിരുന്നെന്നും ഇതില്‍ പ്രകോപിതനായിട്ടാണ് താന്‍ അര്‍ജുനെ ബിയര്‍കുപ്പിക്ക് തലക്കടിച്ചതെന്നുമാണ് വിദ്യാര്‍ത്ഥി കാളിയാര്‍ പൊലീസില്‍ നല്‍കിയിട്ടുള്ള മൊഴി.
സംഭവശേഷം ബൈക്കില്‍ ഒരു കിലോമീറ്ററോളം സഞ്ചരിച്ച അര്‍ജുന്‍ റോഡില്‍ തലചുറ്റി വീണു.
നാട്ടുകാര്‍ ചേര്‍ന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയുടെ പരുക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലേക്ക് മാറ്റി. തലയ്ക്കുള്ളില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് കാളിയാര്‍ പൊലീസ് പറഞ്ഞു.
ബൈക്ക് അപകടത്തില്‍ പെട്ടതാണെന്നാണ് ബന്ധുക്കള്‍ ആദ്യം കരുതിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.