![](https://dailyindianherald.com/wp-content/uploads/2016/10/army-gurudwar.jpg)
ന്യൂഡല്‍ഹി: ഹന്ദ്വാരയില്‍ സൈനീക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം. ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ആക്രമണം ഉണ്ടായത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ആദ്യ ഘട്ടത്തിലെ വെടിവയ്പ്പ് 20 മിനിറ്റോളം നീണ്ടുനിന്നു. പിന്നീട് ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരവാദികള്‍ വീണ്ടും വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു. സൈനീക ക്യാമ്പില്‍ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. പുലര്‍ച്ചെ 5 മണിക്കും പിന്നീട് 6.30നുമാണ് വെടിവയ്പ്പ് ഉണ്ടായത്.ഏറ്റുമുട്ടല്‍ തുടരുകയാണ്.
30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലേക്ക് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യം ഉടന്‍ തിരിച്ചടിച്ചു. 20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നു.
രണ്ടു സെന്‍ട്രി പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നീട് പിന്‍വാങ്ങിയ തീവ്രവാദികള്‍ രാവിലെ ആറരയോടെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്. സംഘത്തില്‍ എത്ര ഭീകരരുണ്ടെന്ന് വ്യക്തമല്ല.
അതേസമയം, ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള ഭീകരരുടെ മൂന്നു ശ്രമങ്ങള്‍ സൈന്യം തകര്‍ത്തു.
നൗഗാം സെക്ടറിലും രാംപൂറിലുമായിരുന്നു ഇത്.
പാക്കിസ്ഥാന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ തുറക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്.
പാക്ക് അധീന കാശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ പുതിയസംഘത്തെ പാക്കിസ്ഥാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.പാക്ക് അധീന കാശ്മീരിലെ ഭീകര പരിശീലനകേന്ദ്രങ്ങളില്‍ ചിലത് സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കരസേന തകര്‍ത്തതിനുശേഷമാണ് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ വന്നത്. 12 കേന്ദ്രങ്ങള്‍ പുതുതായി നിയന്ത്രണ രേഖയ്ക്കപ്പുറത്ത് ഉയര്‍ന്നുവന്നിട്ടുള്ളതായാണ് പുതിയവിവരം.