ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നു വീണു. അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് തകർന്നത്. ബിപിൻ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തിൽ പെട്ടതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിപിൻ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.
ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവേയായിരുന്നു അപകടം. ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നിട്ടുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.