ഇന്ത്യ ചൈന യുദ്ധം ആസന്നം: അതിർത്തിയിൽ സൈനിക വിന്ന്യാസം ശക്തമാക്കി ഇരു രാജ്യങ്ങളും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അതിർത്തിയിൽ ആശങ്കകൾ ശക്തമായി തുടരുന്നതിനിടെ ഇന്ത്യയും ചൈനയും അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി. അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. ഇതിന്റെ ഭാഗമായി കൂടുതൽ സൈനികരെ അതിർത്തിയിലേക്ക് അയച്ചു. ഇരുരാജ്യങ്ങളുടെയും സൈനികർ നേർക്കുനേർ നിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യത്തിലാണ് ഈ നീക്കം. 1962-ലെ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്ര രൂക്ഷമായ സംഘർഷം ഇതാദ്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ രണ്ടു ബങ്കറുകൾ തകർത്തതും സുരക്ഷാ വിന്യാസം ശക്തമാക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

യുദ്ധസമാന സാഹചര്യമില്ലെങ്കിലും, ഏതുനിമിഷവും ഉണ്ടായേക്കാവുന്ന പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാൻ സേനയെ സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, 1962 മറക്കരുതെന്ന ചൈനീസ് മാധ്യമങ്ങളുടെ ഭീഷണിക്കു, 62-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യയെന്നു പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി ചുട്ട മറുപടി നൽകിയിരുന്നു.

നേരത്തെ, ദോക് ലായിലെ ലാൽട്ടനിൽ 2012-ൽ ഇന്ത്യ നിർമിച്ച രണ്ടു ബങ്കറുകൾ നീക്കം ചെയ്യണമെന്ന് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത് ഇന്ത്യ നിരസിച്ചു. തുടർന്ന് ഇക്കഴിഞ്ഞ ജൂൺ ആറിന് രണ്ടു ചൈനീസ് ബുൾഡോസറുകൾ ഇന്ത്യൻ ഭാഗത്തേക്കു കടന്നുകയറി ഇന്ത്യൻ ബങ്കറുകൾ തകർത്തു. ബങ്കറുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്നും, ഇന്ത്യയ്ക്കോ ഭൂട്ടാനോ ഈ മേഖലയിൽ യാതൊരു അവകാശവുമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ നടപടി.

തുടർന്നും ഇവിടെ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യൻ സൈന്യം മുഖാമുഖമെത്തി ചെറുക്കുകയായിരുന്നു. ഇതോടെ, സംഘർഷം ഉടലെടുത്തു. സംഘർഷം രൂക്ഷമായതോടെ, ഇരു സൈന്യങ്ങളും മുഖാമുഖം നിൽക്കുന്ന പ്രദേശത്തിന് സമീപത്തുള്ള സൈനിക കേന്ദ്രങ്ങളിൽനിന്നാണ് കൂടുതൽ സൈനികരെ ഇവിടേക്ക് അയച്ചിരിക്കുന്നത്. ചൈനീസ് പട്ടാളം കൂടുതൽ അംഗങ്ങളെ രംഗത്തിറക്കിയതും മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കാൻ ഇന്ത്യയെ നിർബന്ധിതരാക്കി.

1962-ലെ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്ര ദീർഘമായ സംഘർഷം ഉണ്ടാകുന്നത് ഇതാദ്യമാണ്. 2013ൽ ജമ്മു കശ്മീരിലെ ലഡാക്കിനു സമീപം ദൗലത്ത്ബാഗ് ഓൾഡിയിൽ ചൈനീസ് സൈന്യം 30 കിലോമീറ്ററോളം ഇന്ത്യൻ മേഖലയിലേക്കു കടന്നുകയറിയത് സംഘർഷത്തിന് കാരണമായിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിന്നീട് പിന്മാറിയെങ്കിലും, സംഘർഷം 21 ദിവസത്തോളം നീണ്ടുനിന്നു. ഈ മേഖല ചൈനയിലെ ഷിൻചിയാങ് പ്രവിശ്യയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടായിരുന്നു അന്നത്തെ കയ്യേറ്റം.

ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിൽ ദോക് ലാം ഭാഗത്തു ചൈന റോഡ് നിർമിക്കാൻ നടത്തുന്ന ശ്രമങ്ങൾ തൽസ്ഥിതിയെ അട്ടിമറിക്കുന്നതും ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമാണെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഈ പ്രദേശം ആരുടേതാണെന്നതു സംബന്ധിച്ചു ചൈനയും ഭൂട്ടാനും തമ്മിൽ ദീർഘകാലമായി തർക്കമുണ്ട്.

ഇന്ത്യൻ സേന ദോക് ലാം ഭാഗത്തു നിന്ന് പിന്മാറണമെന്നാണു ചൈന ഇപ്പോൾ ശഠിക്കുന്നത്. ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇന്ത്യ ‘രണ്ടര യുദ്ധ’ത്തിനു തയാറാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇതിനു മറുപടിയായാണ് ഇന്ത്യ ചരിത്രം മറക്കരുതെന്നു ചൈനയിലെ സർക്കാർ മാധ്യമങ്ങളും ഇന്ത്യൻ ജനറൽ നിരുത്തരവാദപരമായ പ്രസ്താവനകൾ നിർത്തണമെന്നു ചൈനയും ആവശ്യപ്പെട്ടത്.

സിക്കിമിലെ നാഥുല ചുരം വഴി കൈലാസ് മാനസസരോവറിലേക്കുള്ള ഇന്ത്യൻ തീർഥാടകർക്ക് ചൈന പ്രവേശനാനുമതി നിഷേധിച്ചതോടെ, ഇതുവഴിയുള്ള തീർഥയാത്ര ഇന്ത്യ നിർത്തി വെച്ചിരുന്നു.

Top