ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയില്‍ അര്‍ണബ് ഗോസ്വാമിക്ക് നോട്ടീസ് അയക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവായി. ”വാചക കസര്‍ത്ത് കുറയ്ക്കുക നിങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാം വസ്തുതകള്‍ നിരത്താം എന്നാല്‍ എന്തും വിളിച്ച് പറായാം എന്ന് കരുതരുത് അത് ശരിയല്ല” എന്ന് നോട്ടീസ് അയക്കാനുള്ള ഉത്തരവിറക്കികൊണ്ട് ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് നേതൃത്വം നല്‍കുന്ന റിപ്പബ്ലിക്ക് ചാനല്‍ പുറത്ത് വിട്ട ആരോപണങ്ങള്‍ തള്ളി, മാനനഷ്ടത്തിനായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് ശശി തരൂര്‍ കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിന് വേണ്ടി കോടതിയില്‍ ഹാജരായത്. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന അവസരത്തില്‍ ഇതുമായി സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 16ന് കേസ് വീണ്ടും പരിഗണിക്കുന്ന അവസരത്തില്‍ നോട്ടീസിന് മറുപടി നല്‍കാനും ജസ്റ്റിസ് മന്‍മോഹന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന അവസരത്തിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് നാഷ്ണല്‍ ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി താക്കീത് നല്‍കിയിരുന്നു എന്നു ശശി തരൂര്‍ ചൂണ്ടികാട്ടി.