അടൂര്‍:അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ വിവാദമായ ഓണാഘോഷത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസെടുത്തു. മാര്‍ഗതടസമുണ്ടാക്കി, വാഹനങ്ങള്‍ക്ക് മുകളിലിരുന്ന് യാത്ര ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കോളെജിലെ ആഘോഷങ്ങള്‍ക്കായി നിയമ വിരുദ്ധമയി ഫയര്‍ എഞ്ചിന്‍ നല്‍കിയതിന് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി അഗ്‌നിശമനസേന കോട്ടയം അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫിസറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സ്വകാര്യ ആഘോഷങ്ങള്‍ക്ക് ഫയര്‍ എന്‍ജിന്‍ വിട്ടുകൊടുക്കാന്‍ ചട്ടമില്ല. ഇത് അടൂരിലെ അഗ്‌നിശമനസേന ലംഘിച്ചതായാണ് കണ്ടെത്തല്‍. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് മഴനൃത്തം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ കൂടെ നിന്ന് വെള്ളവും പന്പ് ചെയ്തുകൊടുത്തു. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം ഘോഷയാത്രയുടെ സംരക്ഷണത്തിന് ഫയര്‍ എന്‍ജിന്‍ കൊടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനായി ഏഴായിരം രൂപ വിദ്യാര്‍ഥികള്‍ അടച്ചതായും പറയുന്നു.
അഗ്‌നിശമനസേന കോട്ടയം അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫിസറുടെ പരിശോധനയില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. അന്നേദിവസം ജോലിയിലുണ്ടായിരുന്ന അഞ്ച് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശയുള്ളത്.