നൂറ്റിആറ് കോടി രൂപയും 127 കിലോ സ്വര്‍ണ്ണവും പിടികൂടിയത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തില്‍ നിന്ന് ; തമിഴ്‌നാട്ടില്‍ വ്യാപക കള്ളപ്പണവേട്ട

ചെന്നൈ: നൂറ്റിആറ് കോടിയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ വ്യവസായികള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടുദിവസമായി തുടരുന്ന റെയ്ഡില്‍ ഇതിനകം 106 കോടി രൂപയും 127 കിലോഗ്രാം സ്വര്‍ണവും ഇവരില്‍നിന്ന് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായികളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, അവരുടെ ഓഡിറ്റര്‍ പ്രേം എന്നിവരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മുന്നു വ്യവസായികളുടെ ഇടപാടുകളാണ് പരിശോധിക്കുന്നത്.

അതേസമയം, ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് അവരുടെ ബന്ധത്തിലുള്ള നേതാക്കളുടേയും വ്യവസായികളുടേയും കൈവശമുണ്ടെന്ന് കരുതുന്ന കള്ളപ്പണത്തിനായുള്ള തിരച്ചിലിലിലാണ് റെഡ്ഡിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയതെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ സംശയമുള്ള മറ്റു വ്യവസായികളുടേയും നേതാക്കളുടേയും ഇടപാടുകളില്‍ അന്വേഷണം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി ഒ.പന്നീര്‍ ശെല്‍വവും ഇപ്പോള്‍ പിടിയിലായ ശേഖര്‍ റെഡ്ഡിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും തമിഴ് മാദ്ധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അത് തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴത്തെ പടം മാത്രമാണെന്നും ഇതിന് മറ്റ് അര്‍ത്ഥങ്ങള്‍ കല്‍പിക്കേണ്ടതില്ലെന്നുമാണ് എഐഎഡിഎംകെയുടെ നിലപാട്.

പിടിച്ചെടുത്തതില്‍ 96 കോടി രൂപയും അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളാണ്. ബാക്കി 10 കോടി രൂപയുടേതാകട്ടെ, പുതിയ 2000 രൂപയുടെ നോട്ടുകളും. ഇതോടെ ഏതെങ്കിലും ബാങ്ക് മാനേജര്‍മാരുമായി ബന്ധപ്പെട്ട് ഇവര്‍ ഈ പത്തുകോടി വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചതായും സംശയം ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലും വെല്ലൂരിലുമായി വിവിധയിടങ്ങളിലായി റെയ്ഡ് പുരോഗമിക്കുകയാണ്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരായ നൂറോളം പേരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു. കള്ളപ്പണം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ പിന്‍പറ്റിയായിരുന്നു ഇത്. ഇത്തരം റെയ്ഡുകളില്‍ പിടികൂടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇപ്പോള്‍ ചെന്നൈയില്‍ കണ്ടെത്തിയിട്ടുള്ളത്.
പണമിടപാടുകള്‍ സംബന്ധിച്ച ഒട്ടേറെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ക്വാറികള്‍ ഏറ്റെടുത്തു മണല്‍വില്‍പന നടത്തുന്ന റെഡ്ഡി അസോഷ്യേറ്റ്സ് എന്ന സ്ഥാപനം കമ്മിഷന്‍ വാങ്ങി കള്ളപ്പണം വെളുപ്പിച്ചു നല്‍കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ പണവും സ്വര്‍ണവും ഇനിയും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പിടിച്ചെടുത്തതെല്ലാം തന്റെ പണവും സ്വര്‍ണവുമാണെന്നാണ് ശേഖര്‍ റെഡ്ഡിയുടെ നിലപാട്. എന്നാല്‍, ഇയാളുടെ അക്കൗണ്ടുകളും മറ്റു രേഖകളും പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശേഖര്‍ റെഡ്ഡിക്കു തമിഴ്നാട്ടിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ഇയാളുടെ ബന്ധുവാണു ശ്രീനിവാസ റെഡ്ഡി. പ്രേം കള്ളപ്പണം വെളുപ്പിക്കാന്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നും അധികൃതര്‍ പറയുന്നു.

അതേസമയം, തിരുപ്പതിയിലെ തിരുമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റിലെ അംഗമാണ് ശേഖര്‍ റെഡ്ഡി. ഇവിടെ ദര്‍ശനത്തിനെത്തുന്ന നേതാക്കളില്‍ പലര്‍ക്കും ദര്‍ശനത്തിന് ഉള്‍പ്പെടെ സൗകര്യം ചെയ്തുകൊടുത്തിരുന്നതും റെഡ്ഡിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പന്നീര്‍ ശെല്‍വം തിരുപ്പതിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചതിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞമാസം ശേഖര്‍ റെഡ്ഡി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ സന്ദര്‍ശിച്ചിരുന്നതായും തിരുപ്പതിയിലെ പ്രസാദം നല്‍കിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് ഇപ്പോള്‍ പിടിയിലായ പണം രാഷ്ട്രീയ നേതാക്കളുടേതു കൂടിയാണോ എന്ന പരിശോധനകളും നടക്കുന്നത്. ഇതെല്ലാം നിഷേധിക്കുന്ന എഐഎഡിഎംകെ നേതാക്കള്‍ പറയുന്നത് പന്നീര്‍ ശെല്‍വം അവിടെ ചെന്നപ്പോള്‍ അദ്ദേഹം സ്വീകരിച്ചു എന്ന ബന്ധം മാത്രമേ ഇരുവരും തമ്മിലുള്ളു എന്നാണ്.

Top