ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മാഞ്ചസ്റ്റർ ടീമുകൾ ജയം നുണഞ്ഞപ്പോൾ, ആഴ്‌സണലിന് സമനിലക്കുരുക്ക്. ലിവർപൂളിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ലെസ്റ്റർ സിറ്റി ഒന്നാമത് തുടരുന്നു. ആഴ്‌സണലിനെ സതാംപ്ടൺ ഗോളടിക്കാൻ വിടാതെ പിടിച്ചുകെട്ടിയപ്പോൾ, മാഞ്ചസ്റ്റർ സിറ്റി 10ന് സണ്ടർലാൻഡിനെ മറികടന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് മടക്കമില്ലാത്ത മൂന്നു ഗോളിന് സ്റ്റോക് സിറ്റിയെ തുരത്തി.
തട്ടകത്തിൽ സതാംപ്ടണിനോട് സമനില വഴങ്ങേണ്ടിവന്നത് പീരങ്കിപ്പടയുടെ കിരീടമോഹങ്ങൾക്ക് കനത്ത തിരിച്ചടിയായി. എവേ മത്സരത്തിൽ പതിനാറാം മിനിറ്റിൽ സെർജിയോ അഗ്വെയ്‌റോ നേടിയ ഗോളാണ് സിറ്റിയുടെ മുഖം രക്ഷിച്ചത്. ഓൾഡ് ട്രാഫോഡിൽ സ്റ്റോക്കിനെതിരെ മിന്നും ജയം കുറിച്ചത് യുണൈറ്റഡിനും പരിശീലകൻ ലൂയി വാൻഗാലിനും ആശ്വാസമായി. പതിനാലാം മിനിറ്റിൽ ജെസി ലിങ്ഗാർഡ് സ്‌കോറിങ് തുടങ്ങി. 24ാം മിനിറ്റിൽ ആന്റണി മാർഷ്യൽ ലീഡുയർത്തി. ഗോളടിമികവ് തുടരുന്ന നായകൻ വെയ്ൻ റൂണി 53ാം മിനിറ്റിൽ പട്ടിക തികച്ചു.
ലീഗിൽ മുന്നിലുള്ള ലെസ്റ്ററിന് ലിവർപൂളിനെതിരെ സ്വന്തം മൈതാനത്ത് ജയമൊരുക്കിയത് ജാമി വാർഡിയുടെ ഇരട്ട ഗോൾ. 60, 71 മിനിറ്റുകളിൽ ലക്ഷ്യം കണ്ടു ജാമി. മറ്റൊരു മത്സരത്തിൽ ടോട്ടനം മടക്കമില്ലാത്ത മൂന്നു ഗോളിന് നോർവിച്ച് സിറ്റിയെ തുരത്തി. വെസ്റ്റ്ഹാം യുണൈറ്റഡ് 20ന് ആസ്റ്റൺ വില്ലയെയും, എഎഫ്‌സി ബേൺമൗത്ത് 21ന് ക്രിസ്റ്റൽ പാലസിനെയും കീഴടക്കി. വെസ്റ്റ് ബ്രോംവിച്ച്‌സ്വാൻസീ സിറ്റി മത്സരം സമനിലയിൽ (11).
ഇരുപത്തിനാല് കളികൾ പൂർത്തിയായപ്പോൾ 50 പോയിന്റോടെയാണ് ലെസ്റ്റർ മുന്നിലുള്ളത്. മാഞ്ചസ്റ്റർ സിറ്റി (47), ടോട്ടനം (45), ആഴ്‌സണൽ (45), മാഞ്ചസ്റ്റർ യുണൈറ്റഡ് (40) തുടർന്നുള്ള സ്ഥാനങ്ങളിൽ.