ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ നിര്‍ണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം.
ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു. തെരച്ചിലിന് കുന്ദാപുരയിലെ മൽസ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ല ഭരണകൂടം എത്തിച്ചു. കുന്ദാപുരയിലെ മത്സ്യത്തൊഴിലാളികളുടെ ഡൈവിങ് സംഘമാണ് സ്ഥലത്തെത്തിയത്. ഏഴംഗ സംഘമാണ് ഷിരൂരിലെത്തിയിരിക്കുന്നത്.ഈശ്വർ മൽപെ ആണ് സംഘതലവൻ.
നിലവില്‍ ഡൈവര്‍മാര്‍ക്ക് ഗംഗാവലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. മത്സ്യത്തൊഴിലാളികളെ ഇറക്കണോ എന്ന കാര്യം നാവിക സേനയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ തീരുമാനിക്കുവന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഫ്ലോട്ടിങ് പ്രതലം ഘടിപ്പിക്കണമെങ്കിൽ രാജസ്ഥാനിൽ നിന്ന് ആളെത്തേണ്ടതുണ്ട്.
തെരച്ചില്‍ നിര്‍ത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എംകെ രാഘവൻ എംപി പറഞ്ഞു. ഫ്ലോട്ടിങ്ങ് വെസൽ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയിൽ ഇറങ്ങാനാണ് ശ്രമം. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരിൽ ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു.ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽ നിന്ന് എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നാവിക സേനയുടെ കൂടുതൽ വൈദഗ്ധ്യം ഉള്ളവരെ നിയോഗിക്കണം എന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തെരച്ചില്‍ തുടരും. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി മുന്നോട്ടുപോകും. മറ്റു നേവല്‍ ബേസില്‍ വിദഗ്ധര്‍ ഉണ്ടെങ്കില്‍ എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.