സെപ്റ്റംബര്‍ 2013ന് ശേഷം സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു മോശം കാരണങ്ങള്‍ക്കാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആശാറാമിനെതിരായ ക്രിമിനല്‍ കേസുകളില്‍ മൂന്നാം സാക്ഷിയായ കൃപാല്‍ സിംഗിനെ വെടിവെച്ച കേസാണ് ഇതില്‍ ഏറ്റവും അടുത്തിടെയുണ്ടായ സംഭവം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലയിലാണ് ബൈക്കില്‍ വന്ന രണ്ട് പേര്‍ കൃപാല്‍ സിംഗിനെ വെടിവെച്ചത്. വേറിട്ടതും ഞെട്ടിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് 74കാരനായ ആശാറാമിനെതിരെയുള്ളത്. മന്ത്രവാദവും മനുഷ്യകുരുതിയും നടത്താറുള്ള ഇയാളുടെ ആശ്രമത്തിനുള്ളില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്താകട്ടെ വളരെ വികൃതമായാണ്. ആന്തരികാവയവങ്ങളില്ലാതെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുര്‍മന്ത്രവാദത്തിന്റ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. സ്വന്തം സഹോദരിമാരെ ഇയാള്‍ അന്യായമായി തടങ്കലില്‍ വെച്ചിട്ടുണ്ട്.
നാല് സംസ്ഥാനങ്ങളിലായി ആശാറാം ബാപ്പുവിനെതിരെ ഒമ്പതോളം സാക്ഷികളാണ് ഉള്ളത്. ഈ സാക്ഷികളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരാള്‍ ആശാറാമിന്റെ സന്തത സഹചാരിയായി മാറുകയും മറ്റൊരാളെ പാചകക്കാരനായി കൂടെ കൂട്ടുകയും ചെയ്തു. ഇതു കൂടാതെ ആശാറാമിന്റെ ആശ്രമത്തിലെ രണ്ട് ജീവനക്കാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച് നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീ വിശ്വാസികളുമായി ആശാറാം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കാര്യം പുറത്ത് പ്രചരിപ്പിച്ച ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമായി. അസുമല്‍ സിരുമലാനി എന്ന പേരില്‍ 1941ലാണ് ആശാറാം ബാപ്പു ജനിച്ചത്. ഇന്ത്യ-ബ്രിട്ടീഷ് വിഭജനത്തോടെ ആശാറാം കുടുംബത്തോടൊപ്പം അഹമ്മദാബാദിലോക്ക് ചേക്കേറി. കുതിരക്കാരനായിരുന്ന ആശാറാം പിന്നീടാണ് ആത്മീയവഴിയിലേക്ക് നീങ്ങുന്നത്. ആശാറാമിന്റെ പിതാവ് വളരെ നേരത്തെ മരിച്ചതിനാല്‍, ചായക്കച്ചവടക്കാരനായും മദ്യക്കച്ചവടക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അമ്മയില്‍ നിന്ന് മെഡിറ്റേഷനും ആത്മീയതയും പഠിച്ച് യോഗ ഗുരുവും, ധ്യാന ഗുരുവായി. ആത്മീയതയോടുള്ള ഇഷ്ടം കൂടി 1964ലാണ് ഇപ്പോഴത്തെ പേരായ ആശാറാം ബാപ്പു ആയത്. സബര്‍മതിയുടെ തീരത്ത് 1970കളുടെ തുടക്കത്തി്ല്‍ ഒരു കുടില്‍ പോലെ തുടങ്ങിയ ആശാറാമിന്റെ ആശ്രമം രാജ്യത്തെ വലിയ തീര്‍ത്ഥാടന കേന്ദ്രമായി മാറി. ഇന്ന് 400ഓളം ചെറുതും വലുതുമായ ആശ്രമങ്ങളാണ് സ്വന്തം പേരില്‍ രാജ്യത്തിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ളത്. ഈ കാലയളവില്‍ തന്റെ വിശ്വാസികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ധന ഉണ്ടാക്കാന്‍ ആശാറാമിന് കഴിഞ്ഞു. ആയിരകണക്കിന് വിശ്വാസികളാണ് ആശാറാമിനുള്ളത്.
ആശാറാമിന്റെ അനുഗ്രഹത്തിനായി പാര്‍ട്ടി ഭേദമന്യേ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും എത്താറുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അധ്വാനി, നിഥിന്‍ ഗഡ്കരി, മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, രാമന്‍ സിംഗ്, പ്രേംകുമാര്‍ ദുമാല്‍ എന്നീ ബിജെപി നേതാക്കളും ദ്വിഗ് വിജയ് സിംഗ്, കമല്‍ നാഥ്, മോട്ടീലാല്‍ വോറ എന്നീ കോണ്‍ഗ്രസ് നേതാക്കളും ആശാറാമിന്റെ സന്ദര്‍ശകരായിട്ടുള്ളവരാണ്. ഗുജറാത്തില്‍ വെച്ച് നിരവധി സന്ദര്‍ഭങ്ങളില്‍ ആശാറാമിനൊപ്പം വേദി പങ്കിട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും. പിന്നീട് പ്രധാനമന്ത്രി ആയ ശേഷം ആശാറാമിനെതിരായ ആരോപണങ്ങള്‍ തലപൊക്കിയ ശേഷം നേതാക്കളെ ആള്‍ദൈവത്തിനടുത്ത് പോകുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ആളുകളുമായി വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ആശാറാം പ്രത്യേക ശ്രദ്ധിച്ചിരുന്നു എന്നതില്‍ സംശയമില്ല. ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടല്‍ വിദഗ്ധനായ ഡി.ജി വന്‍സറ ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്നെത്തിക്കുന്ന പാല്‍ മാത്രമേ കുടിക്കൂ എന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.
ജോധ്പൂര്‍ പീഡനക്കേസ്
മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പഠനത്തില്‍ ഉഴപ്പിയെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോധ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ച് വരുത്തിയത്. ബാധ ഒഴിപ്പിക്കാനാണെന്ന് പറഞ്ഞ് നടത്തിയ ചടങ്ങിനിടെ കുട്ടിയുടെ ശരീരത്ത് മോശമായി സ്പര്‍ശിക്കുകയും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 2013 ഓഗ്‌സറ്റ് 15നായിരുന്നു സംഭവം.
2013 ഓഗസ്റ്റ് 31ന് ആശാറാം ബാപ്പു അറസ്റ്റിലാകുകയും ജയിലലടയ്ക്കപ്പെടുകയും ചെയ്തു. നിരവധി സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയ ഇയാള്‍ ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സ്ത്രീകളെ ഭീഷണിപ്പെടുത്താറുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി. ഐപിസി 342,376, 506,509 എന്നീ വകുപ്പുകള്‍ ചേര്‍ത്തും പോക്‌സോ നിയമപ്രകാരവുമാണ് ആശാറാമിനെതിരെ കേസെടുത്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സെക്ഷന്‍ 23,26 എന്നീ വകുപ്പുകളും ചേര്‍ക്കും.
പിന്നീട് ജയിലഴികളില്‍ കിടന്ന ആശാറാം ആറ് തവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഇതെല്ലാം കോടതി നിരസിച്ചു. രാജ്യത്തെ പ്രമുഖ അഭിഭാഷകരായ സുബ്രഹ്മണ്യം സ്വാമിയും രാംജത് മലാനിയുമാണ് കേസില്‍ ആശാറാമിന് വേണ്ടി ഹാജരായത്. പുരുഷനെ സ്ത്രീയിലേക്ക് അടുപ്പിക്കുന്ന വ്രണപ്പെടുത്തുന്ന രോഗത്തിന് അടിമയാണ് ആശാറാം എന്നായിരുന്നു രാംജത് മലാനി വാദത്തിനിടെ ഉന്നയിച്ചിരുന്നു.
ആശാറാം ബാപ്പുവിന്റെ അനുയായികളായ നാല് പേരും കേസില്‍ പ്രതികളായിരുന്നു. പ്രധാന സാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കെ സൂറത്തിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പുവും, മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തുവന്നിരുന്നു. പരാതിയെ തുടര്‍ന്ന് ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ആശാറാം അനുയായികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നു. തങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണിയുണ്ടെന്നാണ് ഇവരുടെ ആരോപണം. 2014 ഡിസംബറില്‍ പെണ്‍കുട്ടിയുടെ സഹോദരനെതിരെ ആശാറാം ബാപ്പുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു. കേസ് ഒതുക്കിതീര്‍ക്കാത്തതിനാലാണ് സഹോദരനെതിരെ ഭീഷണയുമായി അനുയായികള്‍ രംഗത്തെത്തിയത്. ഭീഷണിപ്പെടുത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് പിന്നീട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാരായണ്‍ പാണ്ഡെ, പ്രദീപ് മിശ്ര എന്നിവര്‍ക്കെതിരെയാണ് കേസ്. പിന്നീട് 2015 ഫെബ്രുവരിയില്‍ ജോധ്പൂര്‍ കോടതിയില്‍ മൊഴി നല്‍കാനെത്തിയ കേസിലെ സാക്ഷികളില്‍ ഒരാളായ രാഹുല്‍ കെ സച്ചനെ കോടതിക്ക് പുറത്തുവെച്ച് ഒരു സംഘം ആക്രമിച്ചു. ഇതിന് പിന്നിലുള്ളവരെയും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആശാറാമിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ആശാറാമിന് ജാമ്യം അനുവദിക്കാത്തത് അടിസ്ഥാന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആശാറാം ജാമ്യം അര്‍ഹിക്കുന്നുവെന്നും സ്വാമി കോടതിയില്‍ വാദിച്ചുവെങ്കിലും ജഡ്ജി വ്യാസ് ആശാറാമിന് ജാമ്യം നിഷേധിച്ചു. പിന്നീടും ഓരോ സാക്ഷികളും കൊല്ലപ്പെടുകയും ആക്രമിക്കുകയും ചെയ്തു. കോടതി വരാന്തയില്‍ വെച്ചാണ് മൊഴി നല്‍കാനെത്തിയ മറ്റൊരു സാക്ഷി കൃപാല്‍ സിംഗിനെ വെടിവെച്ചത്.
സൂറത്ത് പീഡനക്കേസ്
സൂററ്റിലെ രണ്ട് സഹോദരിമാരെ ആശാറാമും അദ്ദേഹത്തിന്റെ മകന്‍ ‘നാരായണ്‍ സായി’യും ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. അഹമ്മദാബാദിലെ ആശ്രമത്തില്‍ വെച്ചാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഡിസംബര്‍ 2013ല്‍ നാരായണ്‍ സായി അറസ്റ്റിലാവുകയും ചെയ്തു. ഈ കേസിലെ സാക്ഷികള്‍ക്കെതിരെയും ഭീഷണിയും ആക്രമണവും ഉണ്ടായി. ആശുപത്രി പരിസരത്ത് വെച്ച് സഹോദരിമാരില്‍ ഒരാളുടെ ഭര്‍ത്താവിനെ ആക്രമിച്ചതായി പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു.
ആശ്രമത്തിനും ആശാറാമിനുമെതിരായ ആരോപണങ്ങളെയെല്ലാം അനുയായികള്‍ പാടെ തള്ളുകയാണ് ചെയ്തത്. എന്നാല്‍ എല്ലാ ആക്രമണങ്ങള്‍ക്കും ഒരേ സ്വഭാവമായിരുന്നതിനാല്‍ പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രതികളെ പിടികൂടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. മറ്റൊരു കാര്യം സാക്ഷികള്‍ക്കെതിരായ ആക്രമണത്തിന്റെ പ്രവര്‍ത്തന രീതി ഒരു മാതൃകയാണ് വെളിപ്പെടുത്തുന്നത്. അഖില്‍ ഗുപ്തയ്ക്കും കൃപാല്‍ സിങിനുമെതിരെ മോട്ടോര്‍ സൈക്കിളിലെത്തിയാണ് ആക്രമികള്‍ വെടിവെച്ചത്. ഈ ആക്രമണത്തിന് പിന്നില്‍ ഒരേ ടീം തന്നെയാണോ എന്നറിയാന്‍ മുസാഫര്‍നഗറിലും ഷാജഹാന്‍പൂരിലും പൊലീസ് ഒരു സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കേസിലെ മറ്റു സാക്ഷികള്‍ക്കെതിരായ ഭീഷണി തുടരുകയാണ്. അടുത്തിടെ ജോധ്പൂര്‍ കേസില്‍ നിര്‍ണായകസാന്നിധ്യമായ അരവിന്ദ് ബാജ്പാഹിക്ക് വേണ്ടി പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കൃപാല്‍ സിംഗ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് കോടതിയില്‍ സാക്ഷ്യപ്പെടുത്തിയ ഷാജഹാന്‍പൂരിലെ സരസ്വതി ഷിഷു ഇന്റര്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ ഫോണിലൂടെ ഭീഷണി വന്നിരുന്നു. കൃപാലിന്റെ മരണത്തിനു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സൂറത്ത് ബലാത്സംഗം അന്വേഷിക്കുന്ന അഹമ്മദാബാദിലെ രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശാറാം ബാപ്പുവിന്റെ അനുയായികള്‍ അയച്ചെന്ന് കരുതപ്പെടുന്ന ഒരു ഭീഷണിക്കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് കൃപാല്‍ സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് യുപി പൊലീസ് ആവശ്യപ്പെട്ടു. കേസിലെ സാക്ഷികള്‍ക്കെതിരായ ആക്രമണവും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരായ ഭീഷണിയും തടയാന്‍ കഴിയാത്തത് അധികാരികളുടെ കഴിവില്ലായ്മ തന്നെയാണെന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്.