ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെ ശ്രദ്ധേയനായ മിമിക്രി കലാകാരന്‍ അസീസിന് ക്രൂരമര്‍ദ്ദനമേറ്റു

തിരുവനന്തപുരം: പരിപാടിയ്ക്ക് എത്താന്‍ വൈകിയതിന് മിമിക്രി കലാകാരന് സംഘാടകരുടെ ക്രൂരമര്‍ദ്ദനം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പരിപാടിയിലുടെ ശ്രദ്ധേയനാവുകയും സിനിമയിലെത്തുകയും ചെയ്ത അസീസിനാണ് ക്രൂര മര്‍ദനം ഏറ്റത്. ഇദ്ദേഹത്തിന്റെ ഒരു ചെവി പ്രവര്‍ത്തനരഹിതമായി. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര വെള്ളറട ചാമവിള ക്ഷേത്രത്തിലാണ് അസീസിന് മര്‍ദനം ഏറ്റത്. അസീസിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മിമിക്രി കലാകാരന്മാര്‍ രംഗത്തെത്തി.

ഇന്നലെ രാത്രി 10.30നാണ് സംഭവം ഉണ്ടായത്. ചാമവളി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് അസീസിന്റെ പരിപാടി സംഘാടകര്‍ ബുക് ചെയ്തിരുന്നത്. 9.30നായിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒരു മണിക്കൂര്‍ വൈകി എന്നാരോപിച്ചാണ് സംഘാടകര്‍ കലാകാരനെ മര്‍ദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായില്‍ ഷോ അവതരിപ്പിക്കാന്‍ പോയിരുന്ന അസീസ് ഇന്നലെ രാത്രി 9.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പരിപാടി സ്ഥലത്ത് എത്തിയപ്പോള്‍ 10.30 ആയിരുന്നു. വൈകി എത്തിയതിനെ സംഘാടകര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഒരു സംഘാടകന്‍ അസീസിനെ മര്‍ദിച്ചുവെന്നാണു പരാതി.

മര്‍ദനത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അസീസിന്റെ കര്‍ണപടം തകര്‍ന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. വെള്ളറട പൊലീസ് പരാതി നല്കിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു അടക്കമുള്ള ചിത്രങ്ങളിലും അസീസ് അഭിനയിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു.

വൈകിയെത്തിയതിന് വേണെങ്കില്‍ സ്റ്റേജില്‍ കയറേണ്ടെന്നു പറയാം, അല്ലെങ്കില്‍ പണം നല്കാതിരിക്കാം. വൈകി എത്തിയതിന്റെ പേരില്‍ മര്‍ദിക്കേണ്ട കാര്യമില്ല. കേരളത്തിന്റെ തെക്കുഭാഗത്ത് വളരെ മോശമായ അനുഭവങ്ങളാണ് മിമിക്രി കലാകാരന്മാര്‍ നേരിടുന്നതെന്നും കെ.എസ്. പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Top