ലേസര്‍ രശ്മികള്‍ വിമാനങ്ങളുടെ സുഗമമായ പറക്കലിന് വിഘാതം സൃഷ്ടിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലേസര്‍ പ്രയോഗങ്ങളെയും ആയുധങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പൈലറ്റ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ ലേസര്‍ രശ്മികള്‍ വില്ലനായി വിമാനയാത്ര മുടങ്ങി.
ലേസര്‍ രശ്മികള്‍ പൈലറ്റിന്റെ കാഴ്ചമറച്ചതോടെ ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം 8000 അടി ഉയരത്തിലെത്തിയശേഷം തിരിച്ചിറക്കി. വിമാനത്തിനുനേര്‍ക്ക് ലേസര്‍ രശ്മികള്‍ ഉപയോഗിച്ചയാളെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
വിമാനം പറന്നുയര്‍ന്ന ഉടനെയാണ് ലണ്ടന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് വിമാനത്തിനുനേരെ ലേസര്‍ അടിച്ചത്. 8000 അടി ഉയരത്തിലായിരുന്നു വിമാനം അപ്പോള്‍. പൈലറ്റിന് അസ്വസ്ഥത തോന്നിയതോടെ വിമാനം തിരികെ ബ്രിട്ടനിലേയ്ക്ക് പറത്തുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് പൈലറ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജിം മക്ഓസ്ലന്‍ പറഞ്ഞു. ലേസര്‍ രശ്മികള്‍ അയക്കുന്നവര്‍ക്ക് അതൊരു കൗതുകം മാത്രമായിരിക്കാം. എന്നാല്‍, വിമാനത്തിലുള്ള നൂറുകണക്കിന് യാത്രക്കാരുടെ ജീവിതം തന്നെ അപകടത്തിലാക്കുന്ന പരിപാടിയാണത്. ശക്തമായ ലേസര്‍ ബീമുകള്‍ അയക്കാന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ഇന്ന് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാഴ്ചയെ മറയ്ക്കാന്‍ ശേഷിയുള്ള ലേസറുകള്‍ ഇന്നുണ്ട്. ടേക്ക് ഓഫ് സമയത്തോ ലാന്‍ഡിങ് സമയത്തോ ഇതുപോലുള്ള തടസ്സങ്ങള്‍ ഉണ്ടാകുന്നത് വിമാനത്തെ അപകടത്തിലേക്ക് നയിക്കും. ലേസറുകളെ ആയുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് അതുകൊണ്ടാണെന്നും മക്ഓസ്ലന്‍ പറഞ്ഞു.
അഞ്ചുവര്‍ഷം വരെ തടവും 5000 പൗണ്ട് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ലേസര്‍ ആക്രമണം നടത്തിയയാള്‍ ചെയ്തിരിക്കുന്നത്. വിമാനദുരന്തമുണ്ടായിരുന്നെങ്കില്‍ ആജീവനാന്തം ജയിലില്‍ കഴിയേണ്ടിവന്നേനെ. പൈലറ്റിന്റെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ ലേസര്‍ അടിച്ചതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് വ്യക്തമാക്കി.