ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ജയം. നാലാം ദിനം 9 വിക്കറ്റിനാണ് ഗബ്ബയിൽ ഓസ്‌ട്രേലിയ ജയം പിടിച്ചത്. ക്യാപ്റ്റൻ സ്ഥാനത്ത് പാറ്റ് കമിൻസിന് ജയത്തോടെ തുടക്കം.
നാലാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 297 റൺസിന് ഓൾഔട്ടാക്കിയിരുന്നു. 20 റൺസായിരുന്നു ഓസ്‌ട്രേലിയക്ക് മുൻപിലെത്തിയ വിജയ ലക്ഷ്യം. വിജയത്തിലേക്ക് എത്തുന്നതിന് മുൻപ് 9 റൺസ് എടുത്ത അലക്‌സ് കെയ്‌റേയെ ഇംഗ്ലണ്ടിന് നഷ്ടമായി. ജയത്തിനൊപ്പം ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ 400 വിക്കറ്റ് എന്ന നേട്ടവും പിന്നിട്ടു.
ജോ റൂട്ടിന്റേയും ഡേവിഡ് മലന്റേയും ചെറുത്ത് നിൽപ്പോടെയാണ് ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചത്. എന്നാൽ നാലാം ദിനം കളി തുടങ്ങി ആദ്യ സെഷനിൽ 77 റൺസ് എടുക്കുന്നതിന് ഇടയിൽ 8 വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. ഡേവിഡ് മലൻ 82 റൺസും റൂട്ട് 89 റൺസും എടുത്ത് മടങ്ങി. നഥാൻ ലിയോൺ നാല് വിക്കറ്റും പാറ്റ് കമിൻസും കാമറൂൺ ഗ്രൂനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഗബ്ബയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്‌സിൽ 147 റൺസിലേക്ക് ഇംഗ്ലണ്ട് തകർന്നു. 94 റൺസ് എടുത്ത വാർണറുടേയും 74 റൺസ് എടുത്ത ലാബുഷെയ്‌നിന്റേയും 152 റൺസുമായി മികവ് കാണിച്ച ട്രാവിസ് ഹെഡിന്റേയും ഇന്നിങ്‌സ് ആണ് ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ സമ്മാനിച്ചത്.