ലക്നോ: ലഖിംപുർ ഖേരി കർഷക കൊലപാതകത്തിൽ മുഖ്യ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്കെതിരേ കൊലപാതക ശ്രമം ചുമത്തി. ലഖിംപുർ ഖേരി അക്രമം ആസൂത്രിതമെന്നു പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയതിന് പിന്നാലെയാണ് കൂടുതൽ വകുപ്പുകൾ പ്രതികൾക്കു നേരെ ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റ് 13 പ്രതികൾക്കെതിരേ പുതിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യംചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആശിഷ് മിശ്ര ഉൾപ്പെടെ 13 പ്രതികൾക്കെതിരേ വധശ്രമം, കലാപം, മാരകായുധം ഉപയോഗിച്ചുള്ള കലാപം എന്നീ കുറ്റങ്ങൾ ചുമത്തണം. നേരത്തെ കുറ്റപത്രത്തിൽ പറഞ്ഞ ‘അശ്രദ്ധമായ ഡ്രൈവിംഗ്’ എന്ന കാരണം മാറ്റി എഴുതണമെന്നും പ്രത്യേക അന്വേഷണ സംഘത്തലവൻ വിദ്യാറാം ദിവാകർ മജിസ്ട്രേറ്റിനു നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു.
ഒക്ടോബർ മൂന്നിനു ലഖിംപുർ ഖേരിയിലെ ഭൂൽഗഡിയിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നാലു കർഷകർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു മാധ്യമപ്രവർത്തകൻ അടക്കം മറ്റു നാലുപേരും കൊല്ലപ്പെട്ടു.