ലഖ്നൗ: ലഖിംപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ജയില്‍മോചിതനായി. അലഹാബാദ് ഹെക്കോടതി കഴിഞ്ഞയാഴ്ചയാണ് അജയ് മിശ്രയ്ക്കു ജാമ്യം അനുവദിച്ചത്. ജാമ്യഹര്‍ജി കീഴ്ക്കോടതികള്‍ തള്ളിയതിനേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മൂന്നു ലക്ഷം രൂപയുടെ രണ്ടു ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ക്കു വിധേയമായാണ് ജാമ്യം അനുവദിച്ചതെന്ന് ആശിഷ് മിശ്രയുടെ അഭിഭാഷകന്‍ പറഞ്ഞു. നഗരം വിടരുതെന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകളുമുണ്ട്.
അതേസമയം, ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കുമേല്‍ വാഹനം ഓടിച്ചുകയറ്റിയ ആശിഷ് മിശ്രയ്ക്കു ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ഇതിന് ആവശ്യമായ രേഖകള്‍ സമാഹരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലഖിംപൂരില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ആശിഷിനു ജാമ്യം ലഭിക്കുന്നതിനെ സഹായിക്കാന്‍ ദുര്‍ബല വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു.